ഹിജാബ് ധാരികളായ വിദ്യാര്‍ത്ഥിനികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്ന് ശ്രീരാമസേന
യൂണിഫോമിനെ മറികടന്ന് ഹിജാബ് ധരിക്കുന്നത് തീവ്രവാദ മനോഭാവമാണെന്നാണ് ശ്രീരാമസേന മേധാവി പ്രമോദ് മുത്തലിഖിന്റെ വാദം.
ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് ധരിച്ചു വരുന്ന വിദ്യാര്‍ത്ഥിനികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി തീവ്ര ഹിന്ദുത്വ സംഘടനയായ ശ്രീരാമസേന. യൂണിഫോമിനെ മറികടന്ന് ഹിജാബ് ധരിക്കുന്നത് തീവ്രവാദ മനോഭാവമാണെന്നാണ് ശ്രീരാമസേന മേധാവി പ്രമോദ് മുത്തലിഖിന്റെ വാദം.
'ഇപ്പോള്‍ അവര്‍ ഹിജാബിന് വേണ്ടിവന്നു, നാളെ അവര്‍ ബുര്‍ഖ ധരിക്കണം എന്നു പറയും. പിന്നീട് നമസ്‌കാരവും പള്ളിയും വേണമെന്ന് നിര്‍ബന്ധം പിടിക്കും. ഇത് സ്‌കൂളാണോ മത പഠന കേന്ദ്രമാണോ' എന്ന് മുത്തലിഖ് ചോദിച്ചു. വിഷയത്തില്‍ ഒരു പൊതു ചര്‍ച്ചയും അനുവദിക്കരുതെന്നും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പ്രമോദ് ആവശ്യപ്പെട്ടു.
'പൊതു സംവാദത്തിന് അവസരം നല്‍കാതെ, ഹിജാബ് ധരിക്കണം എന്ന് ആവശ്യപ്പെടുന്നവരെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി പുറത്താക്കണം. ഈ ചിന്താഗതി അപകടകരമാണ്'-പ്രമോദ് പറഞ്ഞു. ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ഇന്ത്യയെ പാകിസ്ഥാനാക്കാന്‍ ശ്രമിക്കുകയാണെന്നും ഇത്തരക്കാര്‍ പാകിസ്ഥാനിലേക്ക് പോകണമെന്നും പ്രമോദ് പറഞ്ഞു.
സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ച നടപടിയെ ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥിനികള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ചൂണ്ടികാട്ടി ഉഡുപ്പി വനിതാ കോളജിലെ വിദ്യാര്‍ത്ഥികളാണ് ഹര്‍ജി നല്‍കിയത്. ഹിജാബ് നിരോധിച്ചത് മതസ്വാതന്ത്രത്തിനുള്ള അവകാശം നിഷേധിച്ചതിന് തുല്യമാണെന്ന് ഹര്‍ജിയില്‍ വിദ്യാര്‍ത്ഥികള്‍ ചൂണ്ടികാട്ടി. കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടയുന്ന സംഭവം പതിവായതോടെ സ്‌കൂളുകളിലും കോളജുകളിലും ശിരോവസ്ത്രം നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.