പതിമൂന്നാം വയസ്സുമുതല്‍ പീഡനം; പതിനെട്ടുകാരിയുടെ വെളിപ്പെടുത്തലില്‍ എട്ടു പേര്‍ കൂടി കസ്റ്റഡിയില്‍
പ്രതികളില്‍ ചിലര്‍ പിതാവിന്റെ ഫോണിലേക്ക് വിളിച്ചാണ് പെണ്‍കുട്ടിയുമായി സംസാരിച്ചിരുന്നത്.
പത്തനംതിട്ട: പതിമൂന്ന് വയസ് മുതല്‍ 60ല്‍ ഏറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ എട്ടു പേരെ കൂടി പോലിസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത ശേഷം ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു തോന്നിയാല്‍ അറസ്റ്റ് ചെയ്യും. വിവിധ കേസുകളിലായി കഴിഞ്ഞ ദിവസം അഞ്ചു പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
പത്തനംതിട്ട പ്രക്കാനം വലിയവട്ടം പുതുവല്‍തുണ്ടിയില്‍ വീട്ടില്‍ സുബിന്‍ (24), സന്ദീപ് ഭവനത്തില്‍ എസ് സന്ദീപ് (30), കുറ്റിയില്‍ വീട്ടില്‍ വി കെ വിനീത് (30), കൊച്ചുപറമ്പില്‍ കെ അനന്ദു (21), ചെമ്പില്ലാത്തറയില്‍ വീട്ടില്‍ സുധി(24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തു. ഇതുവരെ മൊത്തം 40 പോക്‌സോ കേസുകളാണ് പോലിസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അച്ചു ആനന്ദ് എന്നൊരാള്‍ക്കായി തിരച്ചില്‍ നടക്കുന്നതായും പോലിസ് അറിയിച്ചു. മറ്റുള്ളവരുടെ പേരുവിവരങ്ങളും കുട്ടിയില്‍ നിന്ന് ശേഖരിച്ചിട്ടുണ്ട്. കേസുകളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്തുന്ന കാര്യം പോലിസ് പരിശോധിച്ചുവരുകയാണ്.
കായികതാരമായ പെണ്‍കുട്ടിയെ പരിശീലകരും കായികതാരങ്ങളും സഹപാഠികളും സമീപവാസികളും ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് പോലിസ് വൃത്തങ്ങള്‍ പറയുന്നത്. ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്തതായാണ് പ്രാഥമിക വിവരം. വിവാഹ വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചതത്രെ. ഇതിനിടെ പെണ്‍കുട്ടിയുടെ നഗ്‌നചിത്രവും വീഡിയോയും എടുത്ത പ്രതി അത് സുഹൃത്തുക്കളെ കാണിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. പിന്നീട് സുഹൃത്തുക്കള്‍ക്കും പെണ്‍കുട്ടിയെ പങ്കുവെച്ചതായാണ് പ്രാഥമിക വിവരം. വീഡിയോദൃശ്യങ്ങള്‍ കണ്ട മറ്റു ചിലര്‍ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടാക്കി ദുരുപയോഗം ചെയ്തു. ആളില്ലാത്ത സ്ഥലങ്ങളില്‍ വച്ചും സ്‌കൂളില്‍ വച്ചും വീട്ടിലെത്തിയും ചിലര്‍ പീഡിപ്പിച്ചു. മറ്റൊരു പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിയും ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലിസ് വൃത്തങ്ങള്‍ പറയുന്നു.
പീഡനം നടന്നുവെന്ന് പറയുന്ന കാലത്ത് പെണ്‍കുട്ടിക്ക് സ്വന്തമായി മൊബൈല്‍ ഫോണുണ്ടായിരുന്നില്ല. പ്രതികളില്‍ ചിലര്‍ പിതാവിന്റെ ഫോണിലേക്ക് വിളിച്ചാണ് പെണ്‍കുട്ടിയുമായി സംസാരിച്ചിരുന്നത്. ഇതില്‍ മുപ്പതില്‍ അധികം പേരുടെ നമ്പറുകള്‍ പിതാവിന്റെ ഫോണില്‍ സേവ് ചെയ്തിട്ടുള്ളതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ലൈംഗിക ചൂഷണത്തിനെതിരേ ക്ലാസില്‍ നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി ദുരനുഭവം പങ്കുവെച്ചത്. തുടര്‍ന്ന് മഹിളാ സമാഖ്യ സൊസൈറ്റി വഴി ശിശുക്ഷേമസമിതിയിലേക്ക് എത്തുകയായിരുന്നു. സൈക്കോളജിസ്റ്റ് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുക്കാന്‍ ശിശുക്ഷേമ സമിതി പോലിസിന് നിര്‍ദേശം നല്‍കിയത്.