മല്‍സ്യബന്ധനത്തെ ആശ്രയിക്കുന്ന ഒമ്പത് തീരദേശ ജില്ലകള്‍ ദുരിതത്തില്‍

സംസ്ഥാനത്ത് 222 കടലോര മത്സ്യഗ്രാമങ്ങളും 113 ഉള്‍നാടന്‍ മത്സ്യഗ്രാമങ്ങളുമുണ്ട്. മാര്‍ച്ച് 24 മുതല്‍ മത്സ്യബന്ധനം പൂര്‍ണമായി നിലച്ചതോടെ ഈ ഗ്രാമങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങിത്തുടങ്ങി.

Update: 2020-04-24 09:00 GMT

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന മല്‍സ്യബന്ധനത്തെ ആശ്രയിച്ച് കഴിയുന്ന 9 തീരദേശ ജില്ലകള്‍ ദുരിതത്തില്‍. സംസ്ഥാനത്തു 222 കടലോര മത്സ്യഗ്രാമങ്ങളും 113 ഉള്‍നാടന്‍ മത്സ്യഗ്രാമങ്ങളുമുണ്ട്. മാര്‍ച്ച് 24 മുതല്‍ മത്സ്യബന്ധനം പൂര്‍ണമായി നിലച്ചതോടെ ഈ ഗ്രാമങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങിത്തുടങ്ങി.

ഹാര്‍ബറുകള്‍ക്കു പുറമെ ഫിഷ് ലാന്‍ഡിങ് സെന്ററുകള്‍ ഉള്‍പ്പെടെ അടഞ്ഞു കിടക്കുകയാണ്. ഇവയെ ആശ്രയിച്ചു കഴിയുന്ന അനേകായിരം മത്സ്യത്തൊഴിലാളികള്‍, മത്സ്യക്കച്ചവടക്കാര്‍, ഹാര്‍ബറുകളിലെ മറ്റു കച്ചവടക്കാര്‍ തുടങ്ങിയവരൊക്കെ കടുത്ത പ്രതിസന്ധിയിലാണ്. ഐസ് പ്ലാന്റുകള്‍, പീലിങ് ഷെഡുകള്‍, വല- ബോട്ട് നിര്‍മാണ യൂണിറ്റുകള്‍, മത്സ്യസംസ്‌കരണ കേന്ദ്രങ്ങള്‍ എന്നിവയെ ആശ്രയിക്കുന്നവരും ദുരിതത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പരമ്പരാഗത യാനങ്ങള്‍ക്ക് പരിമിതമായ തോതില്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയെങ്കിലും ചെറുവള്ളങ്ങള്‍ മാത്രമാണു കടലില്‍ പോകുന്നത്.

സാധാരണഗതിയില്‍, മത്സ്യബന്ധന ബോട്ടുകള്‍ ദിവസേന ശരാശരി 23 കോടി രൂപയുടെ മത്സ്യം കരയ്‌ക്കെത്തിക്കുന്നു. ഏറ്റവും നല്ല സീസണില്‍ അത് 50 കോടി വരെ പോയിട്ടുണ്ട്. 23 കോടി കണക്കാക്കിയാലും മാര്‍ച്ച് 24 മുതല്‍ ഇതുവരെ ഏറ്റവും കുറഞ്ഞത് 600 കോടി രൂപയുടെ നഷ്ടം ഉറപ്പാണെന്ന് ഓള്‍ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോസഫ് സേവ്യര്‍ കളപ്പുരയ്ക്കല്‍ പറയുന്നു. വലിയ ബോട്ടുകള്‍ പോകാന്‍ അനുവദിച്ചാല്‍ ഡീസലിന്റെ വില്‍പന നികുതിയിനത്തില്‍ മാത്രം പ്രതിദിനം 2 കോടി രൂപ സര്‍ക്കാരിനു വരുമാനം കിട്ടും.

ഗണ്യമായ തോതില്‍ വിദേശ നാണ്യം എത്തിച്ചുതരുന്ന കയറ്റുമതിയാകട്ടെ, 85 ശതമാനവും നിലച്ചു. ഒരു വര്‍ഷം 5000 കോടിയിലേറെ രൂപയുടെ മത്സ്യമാണ് സംസ്ഥാനത്തുനിന്നു യുഎസ്, ചൈന, യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയിടങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളായിരുന്നു ഏറ്റവും നല്ല സീസണ്‍. ഒരു മാസത്തെ കണക്കെടുത്താല്‍ മാത്രം ഏറ്റവും കുറഞ്ഞത് 500 കോടി രൂപയുടെ കയറ്റുമതി നഷ്ടം. നേരത്തെ സ്റ്റോക്ക് ചെയ്തിരുന്ന മത്സ്യം കൂടിയാകുമ്പോള്‍ 1000 കോടിയുടെ നഷ്ടമാണ് ഉണ്ടാവുകയെന്ന് സീ ഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ഘടകം പ്രസിഡന്റ് അലക്‌സ് നൈനാന്‍ പറയുന്നു.

Tags:    

Similar News