കോടതി ജീവനക്കാരിയോട് മോശമായി പെരുമാറി; ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്തു

Update: 2024-12-27 10:03 GMT

കോഴിക്കോട്: കോടതിയിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ജഡ്ജിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മോട്ടോര്‍ ആന്‍ഡ് ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ അഡീഷണല്‍ ജഡ്ജായ എം സുഹൈബിനെതിരെയാണ് ഹൈക്കോടതിയുടെ നടപടി. സുഹൈബ് ഉടന്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് വടകര ജില്ലാ ജഡ്ജ് ജി ബിജുവിന് ചുമതല കൈമാറാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ഉത്തരവിറക്കി.

ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ സംഭവത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കോടതി ജീവനക്കാര്‍ ഒന്നിച്ച് ജില്ലാ ജഡ്ജിയുടെ ചേംബറിന് മുമ്പില്‍ എത്തിയിരുന്നു. കോടതിയിലെ വനിതാ ജീവനക്കാരുടെ കൂട്ടായ്മയായ വിമന്‍ കലക്ടീവിലെ എഴുപതോളം അംഗങ്ങളും നാല്‍പതോളം പുരുഷ ജീവനക്കാരും ഒന്നിച്ചാണ് ചേംബറിന് മുമ്പില്‍ എത്തിയത്. എന്നാല്‍ ഇവരെ കാണാന്‍ വിസമ്മതിച്ച ജഡ്ജ് പരാതിക്കാരിയെ കേള്‍ക്കുകയായിരുന്നു. അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് ആരോപണ വിധേയനെ പുറത്ത് ആളുകള്‍ നില്‍ക്കുമ്പോള്‍ തന്നെ വിളിപ്പിച്ചു. മറ്റൊരു ഉയര്‍ന്ന ജുഡീഷ്യല്‍ ഉദ്യോഗസ്ഥനെയും സാക്ഷിയായി വിളിപ്പിച്ചിരുന്നു. ഇവരുടെ മുമ്പാകെ ആരോപണ വിധേയന്‍ ഉണ്ടായ വീഴ്ച സമ്മതിച്ചു എന്നാണ് ലഭിക്കുന്ന വിവരം. പിന്നീട് പുറത്ത് കൂടി നിന്നവരെ ചേംബറിലേക്ക് വിളിപ്പിച്ച് അവര്‍ മുമ്പാകെ ക്ഷമാപണം നടത്തുകയായിരുന്നു. ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് വിഷയം പഠിച്ച ശേഷം സസ്‌പെന്‍ഷന്‍ നടപടിയിലേയ്ക്ക് നീങ്ങിയത്.





Similar News