അഭയ കേസ്: ഒന്നാംസാക്ഷി സിസ്റ്റര്‍ അനുപമ കൂറുമാറി

അഭയയുടെ ശിരോവസ്ത്രവും ചെരിപ്പും കണ്ടില്ലെന്ന് അനുപമ കോടതിയെ അറിയിച്ചു. കോടതി ഇവരെ കൂറുമാറിയതായി പ്രഖ്യാപിച്ചു. കേരളത്തെ പിടിച്ചുകുലുക്കിയ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ന് വിചാരണ ആരംഭിച്ചത്.

Update: 2019-08-26 07:39 GMT

തിരുവനന്തപുരം: അഭയ കേസിലെ ഒന്നാംസാക്ഷിയായ സിസ്റ്റര്‍ അനുപമ കൂറുമാറി. അഭയയുടെ ശിരോവസ്ത്രവും ചെരിപ്പും കണ്ടില്ലെന്ന് അനുപമ കോടതിയെ അറിയിച്ചു. കോടതി ഇവരെ കൂറുമാറിയതായി പ്രഖ്യാപിച്ചു. കേരളത്തെ പിടിച്ചുകുലുക്കിയ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ന് വിചാരണ ആരംഭിച്ചത്. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയിലാണ് വിചാരണ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരാണ് പ്രതികള്‍. രണ്ടാംപ്രതി ഫാ.ജോസ് പൂതൃക്കയില്‍, ക്രൈംബ്രാഞ്ച് മുന്‍ എസ്.പി കെ ടി മൈക്കിള്‍ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. ഏറെ വിവാദം സൃഷ്ടിച്ച അഭയ കൊലക്കേസില്‍ ആദ്യമായാണ് വിചാരണ ആരംഭിക്കുന്നത്. ആദ്യം ലോക്കല്‍ പോലിസും പിന്നീട് ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിച്ച കേസില്‍ സിബിഐ തിരുവനന്തപുരം യൂനിറ്റാണ് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയത്.

2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. കേസിലെ പ്രതികള്‍ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്ന സാഹചര്യത്തില്‍ നടപടികള്‍ നിരന്തരമായി മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍, ഹരജികള്‍ ഹൈക്കോടതിക്ക് പിന്നാലെ സുപ്രിം കോടതിയും നിരസിച്ചതോടെയാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയത്. 1992 മാര്‍ച്ച് 27ന് കോട്ടയം പയസ്‌ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹസാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം ക്നാനായ കത്തോലിക്കാ സഭയുടെ കീഴിലുള്ളതാണ് ഈ കോണ്‍വെന്റ്. ലോക്കല്‍ പോലിസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993ലാണ് സിബിഐ ഏറ്റെടുത്തത്.

കോട്ടയം ജില്ലയിലെ അരീക്കരയില്‍ അയ്ക്കരക്കുന്നേല്‍ വീട്ടില്‍ എം തോമസിന്റെ മകളായിരുന്ന അഭയ, മരിക്കുന്ന സമയത്ത് കോട്ടയം ബിസിഎം കലാലയത്തില്‍ രണ്ടാംവര്‍ഷ പ്രീഡിഗ്രീ വിദ്യാര്‍ഥിനിയായിരുന്നു. തുടക്കത്തില്‍ ആത്മഹത്യയെന്ന് പോലിസ് എഴുതിത്തള്ളിയ കേസ് അഭയയുടെ ബന്ധുക്കളുടേയും നാട്ടുകാരുടേയും ശക്തമായ സമരങ്ങളെ തുടര്‍ന്നാണ് വിശദമായി അന്വേഷിച്ചത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അഭയയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു.

Tags:    

Similar News