തൃശൂര്‍ പൂരത്തിനിടെ അപകടം: വെടിക്കെട്ട് റദ്ദാക്കി തിരുവമ്പാടിയും പാറമേക്കാവും
പകല്‍പ്പൂരത്തിന്റെ സമയം വെട്ടിച്ചുരുക്കിയിട്ടുണ്ട്. പത്തുമണിയോടെ ഉപചാരം ചൊല്ലി പിരിയല്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
തൃശൂര്‍: പൂരത്തിന്റെ ഭാഗമായ എഴുന്നള്ളിപ്പിനിടെ ആല്‍മരക്കൊമ്പ് ഒടിഞ്ഞുവീണുണ്ടായ അപകടത്തെത്തുടര്‍ന്ന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ വെടിക്കെട്ട് റദ്ദാക്കി. ദാരുണമായ സംഭവമുണ്ടായതിനെ തുടര്‍ന്ന് വെടിക്കെട്ട് ആഘോഷമാക്കേണ്ടതില്ലെന്ന് ഇരുവിഭാഗങ്ങളും തീരുമാനിക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് വെടിക്കെട്ടിന് വേണ്ടിയുളള ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. അതുകൊണ്ട് ഇത് നിര്‍വീര്യമാക്കാനും ബുദ്ധിമുട്ട് നേരിട്ടിരുന്നു. വെടിമരുന്ന് ഇതിനോടകം കുഴികളില്‍ നിറച്ചതിനാല്‍ അത് നിര്‍വീര്യമാക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇതെത്തുടര്‍ന്ന് ആഘോഷമായ വെടിക്കെട്ടൊഴിവാക്കി ഇവ പൊട്ടിച്ചുകളയാനും തീരുമാനമായി.
വെടിക്കോപ്പുകള്‍ കത്തിച്ച് നിര്‍വീര്യമാക്കുകയെന്ന നിലപാടാണ് ഇരുവിഭാഗവും സ്വീകരിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയോടെ തിരുവമ്പാടിയുടെയും ആറുമണിയോടെ പാറമേക്കാവ് വിഭാഗത്തിന്റെയും വെടിക്കോപ്പുകള്‍ കത്തിച്ച് നിര്‍വീര്യമാക്കി. പകല്‍പ്പൂരം ചടങ്ങ് മാത്രമായി നടത്താനും തീരുമാനിച്ചിട്ടുണ്ട്. തിരുവമ്പാടി വിഭാഗം ആഘോഷമില്ലാതെ ഒരു ആനയെ മാത്രം ഉപയോഗിച്ചാണ് നേരത്തേ എഴുന്നളളത്ത് നിശ്ചയിച്ചിരുന്നത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇരുദേവസ്വങ്ങളുമായി ജില്ലാ കലക്ടറും ജില്ലാ പോലിസ് മേധാവിയും നടത്തിയ ചര്‍ച്ചയിലാണ് ആഘോഷകരമായ വെടിക്കെട്ട് ഒഴിവാക്കാന്‍ തീരുമാനിച്ചത്.
നേരത്തെ, അപകടത്തില്‍ രണ്ടുപേര്‍ മരണപ്പെടുകയും 25ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍, അപകടമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ മേളം വേണ്ടെന്നുവച്ചു. 15 ആനകളെ എഴുന്നള്ളിക്കാനാണ് പാറമേക്കാവ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ചടങ്ങുകള്‍ മാത്രം നടത്താനാണ് ഇപ്പോള്‍ പാറമേക്കാവ് വിഭാഗത്തിന്റെയും തീരുമാനം. മേളക്കാരുടെ എണ്ണത്തിലും കുറവ് വരുത്തുന്നുണ്ട്. ആഘോഷങ്ങള്‍ ഒട്ടുമില്ലാതെ ചടങ്ങ് മാത്രമായി നടത്താനാണ് ഇരുവിഭാഗത്തിന്റെയും തീരുമാനം. പകല്‍പ്പൂരത്തിന്റെ സമയം വെട്ടിച്ചുരുക്കിയിട്ടുണ്ട്. പത്തുമണിയോടെ ഉപചാരം ചൊല്ലി പിരിയല്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.