കല്‍പ്പറ്റ: മതവിദ്വേഷം വളര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്നാരോപിച്ച് കര്‍മ്മ ന്യൂസിനെതിരെ കേസെടുത്തു. വയനാട് സൈബര്‍ പോലിസാണ് കേസെടുത്തത്. ഫെബ്രുവരി 16 ന് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെയാണ് ഐപിസി 153 എ പ്രകാരം നടപടിയെടുത്തത്. വയനാട് ഇസ്ലാമിക് ഗ്രാമമാണെന്നും മലേഷ്യയില്‍ നിന്നും ടര്‍ഫുകള്‍ക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്നും ഐഎസ് പണം പിരിക്കുന്നുണ്ടെന്നുമായിരുന്നു പ്രചാരണം. ടര്‍ഫുകള്‍ തീവ്രവാദ സംഘടനകളുടെ കേന്ദ്രങ്ങളാവുന്നുണ്ടെന്നും വാര്‍ത്തയില്‍ ആരോപിക്കുന്നുണ്ട്. വീഡിയോക്ക് താഴെ വരുന്ന കമന്റുകള്‍ മതവിദ്വേഷ പ്രചാരണം സൃഷ്ടിക്കുന്നതാണെന്ന് കണ്ടെത്തിയാണ് സ്വമേധയാ കേസെടുത്തത്. എഫ്ഐആര്‍ ഇട്ടതോടെ വീഡിയോ നീക്കം ചെയ്തു. കര്‍മ്മ ന്യൂസിന്റെ യഥാര്‍ത്ഥ ഐഡിയില്‍ നിന്നാണോ വീഡിയോയും വാര്‍ത്തയും പ്രസിദ്ധീകരിച്ചതെന്ന് പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് വയനാട് സൈബര്‍ സെല്‍ ഇന്‍സ്പെക്ടര്‍ പ്രതികരിച്ചു.