ജോജു ജോര്‍ജ്ജിന്റെ കാര്‍ തകര്‍ത്ത സംഭവം: ടോണി ചമ്മണിയടക്കമുള്ള നേതാക്കള്‍ റിമാന്‍ഡില്‍
ടോണി ചമ്മണിയെക്കൂടാതെ മനു ജേക്കബ്,ജര്‍ജസ്,ജോസഫ് എന്നിവരെയാണ് കോടതി ഈ മാസം 22 വരെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.ഇവരുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും
കൊച്ചി: ഇന്ധന വില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് എറണാകുളം വൈറ്റിലയില്‍ നടത്തിയ വഴിതടയല്‍ സമരത്തിനിടയില്‍ നടന്‍ ജോജു ജോജു ജോര്‍ജ്ജിന്റെ കാര്‍ തല്ലി തകര്‍ത്ത സംഭവത്തില്‍ പ്രതികളായ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ കോടതി റിമാന്‍ഡു ചെയ്തു.ടോണി ചമ്മണിയെക്കൂടാതെ മനു ജേക്കബ്,ജര്‍ജസ്,ജോസഫ് എന്നിവരെയാണ് കോടതി ഈ മാസം 22 വരെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.ഇവരുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
കേസില്‍ ജാമ്യ മില്ലാ വകുപ്പ് പ്രകാരം പോലിസ് കേസെടുത്തതിനെ തുടര്‍ന്ന് ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് ടോണി ചമ്മണി അടക്കമുള്ള നേതാക്കള്‍ മരട് പോലിസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയത്.തുടര്‍ന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലിസ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.കേസില്‍ നേരത്തെ രണ്ടു പേരെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. ജോസഫ്, ഷെരീഫ് എന്നിവരെയാണ് നേരത്തെ അറസ്റ്റു ചെയ്തത്. ഇവര്‍ റിമാന്‍ഡിലാണ്.കേസില്‍ അറസ്റ്റിലാകാനുള്ള മറ്റു പ്രതികളെയും ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പോലിസ് പറഞ്ഞു.