നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം:ദിലീപിന്റെയും സഹോദരന്റെയും വീടുകളിലെ അന്വേഷണ സംഘത്തിന്റെ പരിശോധന അഞ്ചു മണിക്കൂര്‍ പിന്നിട്ടു
ദിലീപിന്റെ കൈവശം തോക്കുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഈ തോക്കു കണ്ടെത്താനും കൂടിയാണ് അന്വേഷണ സംഘത്തിന്റെ പരിശോധനയെന്ന റിപോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്ഇന്ന് രാവിലെ 11.50 ഓടെയാണ് ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഒരേ സമയം ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലും സഹോദരന്‍ അനൂപിന്റെ വീട്ടിലും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ഓഫിസിലും ഒരേ സമയം പരിശോധന നടത്താന്‍ എത്തിയത്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപിന്റെ വീട്ടിലും സഹോദരന്‍ അനൂപിന്റെ വീട്ടിലും ഇവരുടെ സിനിമ നിര്‍മ്മാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ഓഫിസിലും അന്വേഷണ സംഘം നടത്തുന്ന പരിശോധന അഞ്ചു മണിക്കൂര്‍ പിന്നിട്ടു.ദിലീപിന്റെ കൈവശം തോക്കുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഈ തോക്കു കണ്ടെത്താനും കൂടിയാണ് അന്വേഷണ സംഘത്തിന്റെ പരിശോധനയെന്ന റിപോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്.
ഇന്ന് രാവിലെ 11.50 ഓടെയാണ് ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഒരേ സമയം ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലും സഹോദരന്‍ അനൂപിന്റെ വീട്ടിലും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ഓഫിസിലും ഒരേ സമയം പരിശോധന നടത്താന്‍ എത്തിയത്.ദിലിപിന്റെ വീടിന്റെ ഗേറ്റ് പുട്ടിക്കിടന്നതിനാല്‍ ഗേറ്റ് ചാടിക്കടന്നാണ് അന്വേഷണ സംഘം കോംപൗണ്ടില്‍ കടന്നത്.പിന്നീട് ദിലീപിന്റെ സഹോദരി സ്ഥലത്തെത്തി.കേസിന്റെ ഭാഗമായ പരിശോധനയ്ക്ക് എത്തിയ അന്വേഷണ സംഘമാണെന്ന അറിയിച്ചതോടെയാണ് വീടിനുള്ളില്‍ ഇവര്‍ക്ക് പ്രവേശിക്കാന്‍ സാധിച്ചത്.
ഈ സമയം പുറത്തായിരുന്ന ദിലീപ് പിന്നീട് വീട്ടിലേക്ക് എത്തുകയായിരുന്നു.ദിലീപിന്റെ അഭിഭാഷകരും വീട്ടിലെത്തി.ഇതേ സമയം തന്നെ സഹോദരന്‍ അനൂപിന്റെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തി.എന്നാല്‍ ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ഓഫിസില്‍ പരിശോധനയ്ക്ക് എത്തിയെങ്കിലും ഓഫിസ് പൂട്ടികിടക്കുകയായിരുന്നു.തുടര്‍ന്ന് അന്വേഷണ സംഘം ജീവനക്കാരെ വിളിച്ചു വരുത്തി രണ്ടു മണിക്ക് ശേഷമാണ് പരിശോധന നടത്തിയത്.സൈബര്‍ വിദഗ്ദരും പരിശോധന സംഘത്തിലുണ്ട്.കംപ്യൂട്ടര്‍ അടക്കം സംഘം പരിശോധിക്കുന്നുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഗൂഡാലോചന നടത്തി,പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപ് കണ്ടു എന്നിങ്ങനെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അടുത്തിടെ വെളിപ്പെടുത്തില്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ദിലീപിനെതിരെ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കുകയും ഇതംഗീകരിച്ച കോടതി ഈ മാസം 20 നകം പ്രാഥമിക അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഇന്നലെ എറണാകുളം മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെയും വീട്ടില്‍ അന്വേഷണ സംഘം പരിശോധന നടത്തുന്നത്. ദിലീപിന്റെ ആലുവയിലെ വീട്ടില്‍ വെച്ചാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.ഇതുള്‍പ്പെടെ തെളിവുകള്‍ കണ്ടെത്തുന്നതിനാണ് പരിശോധനയെന്നാണ് വിവരം.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി ആറു പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ദീലിപ്,സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് നാളെ കോടതി പരിഗണിക്കും.
പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ദിലീപിനെ ഇന്ന് ചോദ്യം ചെയ്യില്ലെന്നും ക്രൈംബ്രാഞ്ച് എസ്പി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അനൂപ് രണ്ടാം പ്രതിയാണെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് അനൂപിന്റെ വീട്ടിലെ പരിശോധനയെന്നും ക്രൈംബ്രാഞ്ച് എസ്പി പറഞ്ഞു.