തിരുവനന്തപുരം: കഴക്കൂട്ടത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ ഗുണ്ട വീട്ടുകാരനെ നായയെ കൊണ്ടു കടിപ്പിച്ചു. ചിറക്കല്‍ സ്വദേശി സക്കീറിന് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കഠിനംകുളം പോലീസ് സ്‌റ്റേഷനില്‍ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട കമ്രാന്‍ എന്ന സമീറാണ് അക്രമം അഴിച്ചുവിട്ടതെന്ന് പോലിസ് പറഞ്ഞു.
നായയെക്കൊണ്ട് പൊതുനിരത്തില്‍ അക്രമാന്തരീക്ഷം സൃഷ്ടിച്ച കമ്രാനെ നോക്കി വീടിന് മുന്നില്‍ നിന്ന കുട്ടികള്‍ ചിരിച്ചതാണ് ഇയാളെ പ്രകോപിതനാക്കിയതെന്നാണ് വിവരം. തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി വീടിനുള്ളിലുണ്ടായിരുന്ന സക്കീറിനെ നായയെക്കൊണ്ട് കടിപ്പിക്കുകയായിരുന്നു. ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദിക്കുകയും ചെയ്തു. യുവാവ് ഇറങ്ങിയോടിയതോടെ കമ്രാന്‍ വീടിന് മുന്നില്‍ പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തി.
ഇതിന് ശേഷം, വഴിയിലൂടെ നടന്നു പോവുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെയും കമ്രാന്‍ നായയെക്കൊണ്ട് കടിപ്പിച്ചു. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പോലിസ് പറഞ്ഞു.