അതുല്‍ സുഭാഷിന്റെ ആത്മഹത്യ: ഭാര്യയും അമ്മയും സഹോദരനും അറസ്റ്റില്‍

നികിതയുടെ അമ്മാവന്‍ സുശില്‍ ഇപ്പോഴും ഒളിവിലാണ്.

Update: 2024-12-15 03:48 GMT

ബംഗളൂരു: ഭാര്യയുടെയും കുടുംബത്തിന്റെയും മാനസിക പീഡനം സഹിക്കാനാവാതെ അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയും അമ്മയും സഹോദരനും അറസ്റ്റില്‍. അതുലിന്റെ ഭാര്യ നികിതയെ ഹരിയാനയിലെ ഗുഡ്ഗാവില്‍ നിന്നാണ് പിടികൂടിയത്. അമ്മ നിഷയേയും സഹോദരന്‍ അനുരാഗിനെയും ഉത്തര്‍പ്രദേശിലെ അലഹബാദില്‍ നിന്നാണ് പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയെന്നും റിമാന്‍ഡ് ചെയ്‌തെന്നും പോലിസ് അറിയിച്ചു. നികിതയുടെ അമ്മാവന്‍ സുശില്‍ ഇപ്പോഴും ഒളിവിലാണ്.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അതുല്‍ സുഭാഷിനെ ബംഗളൂരില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഭാര്യയും കുടുംബവും നടത്തിയ മാനസിക-നിയമപീഡനങ്ങളുടെയും വിവരങ്ങള്‍ അടങ്ങിയ വലിയ കുറിപ്പും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തു. മരണകാരണം വ്യക്തമാക്കി അതുല്‍ പുറത്തുവിട്ട വീഡിയോയും വൈറലായി. ഇതോടെ കടുത്ത പ്രതിഷേധമാണ് നടന്നത്.

അതുലിന്റെ സഹോദരന്‍ ബികാസ് കുമാറിന്റെ പരാതിയിലാണ് നികിത ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്. വിവാഹമോചനക്കേസിന്റെ പേരില്‍ ഭാര്യയും കുടുംബവും വര്‍ഷങ്ങളായി തന്നെ കേസുകളിലൂടെയും മറ്റും പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് ബംഗളൂരുവിലെ താമസസ്ഥലത്ത് അതുല്‍ ജീവനൊടുക്കിയത്. വിവാഹമോചനക്കേസ് കൈകാര്യം ചെയ്ത യുപിയിലെ ജഡ്ജി നീതി നടപ്പാക്കിയില്ലെന്നും പറഞ്ഞിരുന്നു. 2019ലാണ് അതുലും നികിതയും വിവാഹിതരായത്. 2022 ല്‍ സ്ത്രീധന പീഡനം ആരോപിച്ച് നികിത ഭര്‍ത്താവിനെതിരെ ആദ്യ പരാതി നല്‍കി. തന്റെ പിതാവിന്റെ മരണത്തിനു കാരണം അതുലാണെന്ന് ആരോപിച്ചും പരാതിപ്പെട്ടു. ആ പരാതി വ്യാജമാണെന്നു പിന്നീട് പൊലീസ് കണ്ടെത്തി.

Similar News