സിറിയയില്‍ സമാധാനപൂര്‍ണമായ അധികാര കൈമാറ്റത്തിന് പിന്തുണ പ്രഖ്യാപിച്ച് അറബ് രാജ്യങ്ങള്‍
അതിനിടെ സിറിയയിലെ എംബസി തുര്‍ക്കി വീണ്ടും തുറന്നു.
അമ്മാന്‍: സിറിയയില്‍ സമാധാനപൂര്‍ണമായ അധികാര കൈമാറ്റത്തിന് പിന്തുണ പ്രഖ്യാപിച്ച് എട്ട് അറബ് രാജ്യങ്ങള്‍. ചെങ്കടലിന് സമീപത്തെ അഖാബ നഗരത്തില്‍ നടന്ന ചര്‍ച്ചയില്‍ ജോര്‍ദാന്‍, ഇറാഖ്, സൗദി അറേബ്യ, ഈജിപ്ത്, ലബ്‌നാന്‍, യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ പങ്കെടുത്തു. സിറിയന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ള സര്‍ക്കാരായിരിക്കണം രൂപീകരിക്കേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു. എല്ലാ വിഭാഗങ്ങള്‍ക്കും നിയമപരമായ സംരക്ഷണം ലഭിക്കുകയും വേണമെന്ന് അറബ് ലീഗ് മേധാവി അഹമദ് അബുല്‍ ഗെയ്റ്റിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗം ആവശ്യപ്പെട്ടു.
ആഭ്യന്തരയുദ്ധം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന ഐക്യരാഷ്ട്രസഭയുടെ 2,254ാം നമ്പര്‍ പ്രമേയ പ്രകാരമായിരിക്കണം സിറിയയിലെ ഭാവി നടപടികള്‍. ഇതിന് അറബ് ലീഗും ഐക്യരാഷ്ട്രസഭയും പിന്തുണ നല്‍കണം. സിറിയയിലെ ഇടക്കാല സര്‍ക്കാരിനും യോഗം പിന്തുണ പ്രഖ്യാപിച്ചു. സിറിയ-ഇസ്രായേല്‍ അതിര്‍ത്തിയിലെ ഇസ്രായേല്‍ അധിനിവേശത്തെ യോഗം അപലപിച്ചു.
സിറിയയിലെ ഹയാത് താഹിര്‍ അല്‍ ശാം അടക്കമുള്ള വിവിധ സംഘടനകളുമായി നേരില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. യുഎസ് പിന്തുണയുള്ള കുര്‍ദ് വിഭാഗമായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സും സിറിയയിലെ ചര്‍ച്ചകള്‍ക്ക് അനുകൂലമായ നിലപാട് പ്രഖ്യാപിച്ചു. അതിനിടെ സിറിയയിലെ എംബസി തുര്‍ക്കി വീണ്ടും തുറന്നു.
ഖത്തറിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ഇന്ന് സിറിയ സന്ദര്‍ശിക്കുമെന്ന് ഖത്തര്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇടക്കാല സര്‍ക്കാരിന് സഹായം നല്‍കുന്നതും എംബസി വീണ്ടും തുറക്കുന്നതുമായിരിക്കും പ്രതിനിധി സംഘം ചര്‍ച്ച ചെയ്യുക. സിറിയയുടെ പുനര്‍നിര്‍മാണത്തില്‍ താല്‍പര്യമുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി ഖാജ കല്ലാസ് പറഞ്ഞു.സിറിയയിലെ ഐക്യത്തെ കുറിച്ച് വിമതര്‍ പറയുന്നുണ്ടെങ്കിലും ജാഗ്രത പുലര്‍ത്തുകയാണെന്ന് യുഎഇ പ്രസിഡന്റിന്റെ ഉപദേശകനായ അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.