വിവാഹം കഴിഞ്ഞ് 15 ദിവസം; മലേഷ്യയില്‍ ഹണിമൂണ്‍, വീടെത്തുന്നതിന് ഏഴ് കിലോമീറ്റര്‍ മുമ്പ് മരണം

Update: 2024-12-15 02:46 GMT

പത്തനംതിട്ട: കലഞ്ഞൂര്‍ മുറിഞ്ഞകല്ലില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസ്സിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരിച്ചത് നവദമ്പതികളും അവരുടെ പിതാക്കന്‍മാരും. ഇന്ന് പുലര്‍ച്ചെ മൂവാറ്റുപുഴ-പുനലൂര്‍ സംസ്ഥാനപാതയിലുണ്ടായ അപകടത്തില്‍ കുമ്പഴ മല്ലശ്ശേരി സ്വദേശികളായ നിഖില്‍ മത്തായി, അനു നിഖില്‍, നിഖിലിന്റെ പിതാവ് മത്തായി ഈപ്പന്‍, അനുവിന്റെ പിതാവ് ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്.

മലേഷ്യയില്‍ ഹണിമൂണ്‍ ആസ്വദിക്കാന്‍ പോയ നിഖിലിനെയും അനുവിനെയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് അപകടം. നവംബര്‍ 30ന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയില്‍വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. കാനഡയില്‍ ജോലി ചെയ്യുകയായിരുന്നു നിഖില്‍. വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് യാത്ര പുറപ്പെട്ടത്.

അമിതവേഗത്തില്‍ എത്തിയ കാര്‍ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് പോലിസ് സൂചന നല്‍കുന്നത്. കാര്‍ െ്രെഡവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ബിജു ആണ് കാര്‍ ഓടിച്ചിരുന്നത്. നിഖിലിന്റെ പിതാവ് ഈപ്പന്‍ മത്തായി മുന്‍സീറ്റില്‍ ഉണ്ടായിരുന്നു. പിന്‍ സീറ്റിലായിരുന്നു നിഖിലും അനുവും.

റോഡിന് വീതിക്കുറവുണ്ടെന്നും ആവശ്യമായ സ്ഥലം ഏറ്റെടുത്തിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. പുനലൂര്‍-മൂവാറ്റുപുഴ റോഡ് നിര്‍മാണം പൂര്‍ത്തിയായശേഷം നിരന്തരം അപകടം ഉണ്ടാകുന്നതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അധികൃതരുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നിരുന്നു. റോഡിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ മാര്‍ഗങ്ങള്‍ തേടി യോഗം വിളിക്കാനിരിക്കുകയായിരുന്നെന്നും പ്രസിഡന്റ് പറഞ്ഞു. തെലങ്കാനയില്‍നിന്നുള്ള 19 ശബരിമല തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്.

Similar News