ദൃഷാനയെ കാറിടിച്ച കേസ്: ഇന്‍ഷുറന്‍സ് തട്ടിപ്പിനും കേസെടുത്തു
ആദ്യ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഷെജീല്‍ നല്‍കിയ ഹരജി ജില്ലാ കോടതിയുടെ പരിഗണനയിലാണ്.
കോഴിക്കോട്: വടകരയില്‍ ഒമ്പത് വയസുകാരിയെ വാഹനമിടിച്ച കേസിലെ പ്രതി ഷെജീലിനെതിരെ വീണ്ടും കേസ്. ഇന്‍ഷുറന്‍സ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയതിനാണ് നാദാപുരം പോലിസ് കേസെടുത്തത്. കാര്‍ മതിലിടിച്ച് തകര്‍ന്നതാണെന്ന് ഇന്‍ഷുറന്‍സ് കമ്പനിക്ക് തെറ്റായ വിവരങ്ങള്‍ നല്‍കി ഷെജീല്‍ നഷ്ടപരിഹാരം വാങ്ങിയിരുന്നു. 30,000 രൂപയാണ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും നഷ്ട പരിഹാരമായി വാങ്ങിയത്.
വാഹനമിടിച്ച് തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം താമസിക്കുന്ന 62കാരി പുത്തലത്ത് ബേബി മരിക്കുകയും മകളുടെ മകള്‍ ഒമ്പത് വയസ്സുകാരി ദൃഷാന ഗുരുതരമായി പരിക്കേറ്റ് കോമയിലാവുകയും ചെയ്ത സംഭവത്തിലെ പ്രതിയാണ് ഷെജീല്‍. കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി വടകരയ്ക്കു സമീപം ചോറോട് അമൃതാനന്ദമയീമഠം സ്‌റ്റോപ്പിലാണ് അപകടമുണ്ടായത്. രാത്രി ഒമ്പതുമണിയോടെ ചോറോടിലെ ബന്ധുവീട്ടിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് വെള്ളനിറത്തിലുള്ള കാര്‍ ഇരുവരെയും ഇടിച്ചുവീഴ്ത്തിയത്. കാര്‍ നിര്‍ത്താതെ പോയി. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബേബി മരിച്ചു. ദൃഷാന അബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന. ആദ്യ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഷെജീല്‍ നല്‍കിയ ഹരജി ജില്ലാ കോടതിയുടെ പരിഗണനയിലാണ്.