നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിനുള്ള സമയപരിധി നാളെ അവസാനിക്കും

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തിനെതിരേ പരാതിയുമായി നടൻ ദിലീപിൻറെ അഭിഭാഷകൻ രംഗത്തെത്തി.

Update: 2022-04-14 02:46 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കും. 3 മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഇത് അടുത്തയാഴ്ച പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാവ്യാ മാധവൻ അടക്കമുള്ളവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളുടെ മൊഴി എടുക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും. നോട്ടിസ് നൽകിയിട്ടും, ദിലീപിൻറെ അടുത്ത ബന്ധുക്കളടക്കമുള്ളവർ, ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇത്തരത്തിൽ കാലതാമസമുണ്ടായതിനാൽ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്നാണ് ആവശ്യം. നിലവിലെ അന്വേഷണ പുരോഗതി റിപോർട്ടും ശേഷിക്കുന്ന നടപടികളും കോടതിയെ അറിയിക്കും.

ഇതിനിടെ, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തിനെതിരേ പരാതിയുമായി നടൻ ദിലീപിൻറെ അഭിഭാഷകൻ രംഗത്തെത്തി. അഡ്വ. ഫിലിപ്പ് ടി വർഗീസാണ് ആഭ്യന്തര സെക്രട്ടറിയ്ക്ക് പരാതി നൽകിയത്. എഡിജിപി എസ് ശ്രീജിത് ഉൾപ്പെടെയുളള ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നാണ് ആവശ്യം.

പൊതു സമൂഹത്തിൽ കേസിലെ പ്രതികളേയും അവരുടെ ബന്ധുക്കളേയും അഭിഭാഷകരേയും ജുഡീഷ്യറിയേയും തന്നെയും അപമാനിക്കാൻ ഉദ്യോഗസ്ഥ‍ർ ശ്രമിക്കുകയാണ്. ഇതിന് പിന്നിൽ ആസൂത്രിത ഗൂഡാലോചനയുണ്ട്. തുടരന്വേഷണത്തിന് കാരണക്കാരനായ സംവിധായകൻ ബാലചന്ദ്രകുമാർ എ‍ഡിജിപി എസ് ശ്രീജിത്തിൻറെ കുടുംബ സുഹൃത്താണെന്നും പരാതിയിൽ അഡ്വ. ഫിലിപ്പ് ടി വർഗീസ് പറഞ്ഞു.

Similar News