നടിയെ ആക്രമിച്ച കേസ്: കോടതി നിര്‍ദ്ദേശമനുസരിച്ച് കാര്യങ്ങള്‍ ചെയ്യുമെന്ന് എഡിജിപി എസ് ശ്രീജിത്ത്
അന്വേഷണം സത്യസന്ധമായി തന്നെ നടക്കുമെന്നും എഡിജിപി
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ അന്വേഷണം സത്യസന്ധമായി തന്നെ നടക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത്.കേസുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ചേര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അന്വേഷിക്കേണ്ട കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.കോടതി നിര്‍ദ്ദേശമനുസരിച്ച് കാര്യങ്ങള്‍ ചെയ്യുമെന്നും എസ് ശ്രീജിത്ത് പറഞ്ഞു.
അതേ സമയം കേസില്‍ ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ബുധനാഴ്ച രേഖപ്പെടുത്തുമെന്നാണ് വിവരം. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.ഇത് സംബന്ധിച്ച് ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ചര്‍ച്ച ചെയ്തുവെന്നാണ് സുചന.ദിലീപിനെ കൂടാതെ പള്‍സര്‍ സുനിയെയും ചോദ്യം ചെയ്‌തേക്കും.
നിലവില്‍ പള്‍സര്‍ സുനി റിമാന്റിലാണ്.ജെയിലിലെത്തിയാകും പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുക.ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെതിരെ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് നേരത്തെ അന്വേഷണ സംഘം വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷ പരിഗണിച്ച കോടതി ഈ മാസം 20 ന് മുമ്പ് തുടരന്വേഷണ റിപ്പോര്‍ട്ട് കൈമാറാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.