കെപിഎസി ലളിതയുടെ മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോയി
തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിലെ പൊതു ദര്‍ശനത്തിന് ശേഷം 11.30 ഓടെയാണ് കെപിഎസി ലളിതയുടെ മൃതദേഹം കെഎസ്ആര്‍ടിസിയുടെ ലോ ഫ്‌ളോര്‍ ബസില്‍ വിലാപയാത്രയായി തൃശൂരിലേക്ക് കൊണ്ടുപോയത്
കൊച്ചി: അന്തരിച്ച ചലച്ചിത്ര നടി കെപിഎസി ലളിതയുടെ മൃതദേഹവുമായുള്ള വിലാപ യാത്ര തൃപ്പൂണിത്തുറയില്‍ നിന്നും തൃശൂരിലേക്ക് പുറപ്പെട്ടു.തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിലെ പൊതു ദര്‍ശനത്തിന് ശേഷം 11.30 ഓടെയാണ് കെപിഎസി ലളിതയുടെ മൃതദേഹം കെഎസ്ആര്‍ടിസിയുടെ ലോ ഫ്‌ളോര്‍ ബസില്‍ വിലാപയാത്രയായി തൃശൂരിലേക്ക് കൊണ്ടുപോയിരിക്കുന്നത്.മൃതദേഹത്തിനൊപ്പം താരസംഘടനയായ അമ്മയുടെയുടെയും ഫെഫ്കയുടെയും പ്രതിനിധികളടക്കം നിരവധി ചലച്ചിത്രതാരങ്ങളും അനുഗമിക്കുന്നുണ്ട്.
കരള്‍ രോഗത്തിന് നാളുകളായി ചികില്‍സയിലായിരുന്ന കെപിഎസി ലളിത ഇന്നലെ രാത്രി 10.30 ഓടെയാണ് തൃപ്പുണിത്തുറയിലെ മകന്‍ സിദ്ധാര്‍ഥിന്റെ ഫ് ളാറ്റില്‍ വെച്ച് അന്തരിച്ചത്.മരണവിവരമറിഞ്ഞ് ഇന്നലെ രാത്രി മുതല്‍ തന്നെ മമ്മൂട്ടി,മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര താരങ്ങളും സംവിധായകരും അടക്കം നിരവധി പേര്‍ എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.
ഇന്ന് രാവിലെ 8.30 മുതല്‍ തൃപ്പുണിത്തുറ സ്റ്റാച്യുവിലുള്ള ലായം കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരെക്കൂടാതെ സാമൂഹ്യ,സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അടക്കം വന്‍ ജനാവലിയാണ് ഒഴുകിയെത്തിയത്.
തൃശൂരിലും കുറച്ച് സമയം മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും.വടക്കാഞ്ചേരിയിലെ എങ്കക്കാട്ടിലെ വീട്ടുവളപ്പില്‍ ഒദ്യോഗിക ബഹുമതികളോടെ വൈകുന്നേരം നാലിനാണ് മൃതദേഹം സംസ്‌ക്കരിക്കുന്നത്.