പാളയത്തെ സിപിഎം ഏരിയാ സമ്മേളനം: റോഡില്‍ സ്‌റ്റേജ് കെട്ടിയ ഇതരസംസ്ഥാന തൊഴിലാളികളും പ്രതികള്‍
ഏരിയാ സെക്രട്ടറി വഞ്ചിയൂര്‍ പി ബാബുവാണ് ഒന്നാം പ്രതി. 20 ഏരിയാ കമ്മിറ്റി അംഗങ്ങളെയും പ്രതിയാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: സിപിഎം പാളയം ഏരിയാ സമ്മേളനത്തിനായി റോഡ് കെട്ടിയടച്ച സംഭവത്തില്‍ 30ഓളം സിപിഎം നേതാക്കള്‍ക്കെതിരേ കേസ്. റോഡില്‍ സ്‌റ്റേജ് കെട്ടിയ എട്ടു ഇതര സംസ്ഥാനത്തൊഴിലാളികളും കേസില്‍ പ്രതികളാണ്. ഏരിയാ സെക്രട്ടറി വഞ്ചിയൂര്‍ പി ബാബുവാണ് ഒന്നാം പ്രതി. 20 ഏരിയാ കമ്മിറ്റി അംഗങ്ങളെയും പ്രതിയാക്കിയിട്ടുണ്ട്. വേദി കെട്ടാന്‍ കരാറെടുത്തവര്‍ക്കെതിരേയും മൈക്ക് സെറ്റ് ഓപ്പറേറ്റര്‍മാര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവുമെന്ന് പോലിസ് അറിയിച്ചു.
കഴിഞ്ഞ അഞ്ചിനായിരുന്നു പൊതുസമ്മേളനം നടത്തുന്നതിന് വഞ്ചിയൂര്‍ കോടതിക്കും പോലീസ് സ്‌റ്റേഷനും മുന്നില്‍ ഒരു വശത്തേക്കുള്ള റോഡ് പൂര്‍ണമായും കൈയേറി സിപിഎം വേദി നിര്‍മിച്ചത്. സംഭവദിവസം രാത്രി കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിരുന്നത്. റോഡ് കെട്ടിയടച്ചത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ എത്തിയ കോടതിയലക്ഷ്യഹരജിയെ തുടര്‍ന്നാണ് കൂടുതല്‍ പേര്‍ക്കെതിരേ പോലിസ് കേസെടുത്തിരിക്കുന്നത്.