'ഖലിസ്താന്‍ കൊടിക്കേസ്'': പന്നുവിന്റെ ബാങ്ക് വിവരം എന്‍ഐഎക്ക് നല്‍കില്ലെന്ന് യുഎസ്
2020 അഗസ്റ്റ് 14ന്, സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് ജില്ലാ ഭരണകൂടത്തിന്റെ ഓഫിസിന് മുകളില്‍ ഖലിസ്താന്‍ കൊടികെട്ടിയെന്നാണ് കേസ്.
ന്യൂഡല്‍ഹി: പഞ്ചാബിലെ മോഗയിലെ ജില്ലാ ഭരണകൂടത്തിന്റെ ഓഫിസിന് മുകളില്‍ ഖലിസ്താന്‍ കൊടി കണ്ടെത്തിയ കേസില്‍ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നുവിന്റെ ബാങ്ക് വിവരങ്ങള്‍ എന്‍ഐഎക്ക് നല്‍കില്ലെന്ന് യുഎസ്. പന്നുവിന്റെ കോള്‍ റെക്കോഡുകളും എന്‍ഐഎക്ക് കൈമാറാന്‍ കഴിയില്ലെന്ന് യുഎസ് വ്യക്തമാക്കി. കുറ്റം തെളിഞ്ഞാല്‍ പന്നുവിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കാവുന്ന നിയമമാണ് ഇന്ത്യയില്‍ ഉളളതെന്നും യുഎസില്‍ ഇത്തരം കുറ്റങ്ങള്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ മാത്രമേ നല്‍കൂയെന്നും യുഎസ് ചൂണ്ടിക്കാട്ടിയതായി റിപോര്‍ട്ടുകള്‍ പറയുന്നു.
പോലിസിന്റെ കനത്തകാവല്‍ ഭേദിച്ച് എത്തിയ രണ്ടു പേര്‍ 2020 അഗസ്റ്റ് 14ന്, സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് ജില്ലാ ഭരണകൂടത്തിന്റെ ഓഫിസിന് മുകളില്‍ ഖലിസ്താന്‍ കൊടികെട്ടിയെന്നാണ് കേസ്. 2020 സെപ്റ്റംബര്‍ അഞ്ചിന് എന്‍ഐഎ അന്വേഷണം ഏറ്റെടുത്തു. പന്നുവിന്റെ നിര്‍ദേശപ്രകാരമാണ് ഈ രണ്ടു പേര്‍ കൊടി കെട്ടിയതെന്നാണ് എന്‍ഐഎ ആരോപിക്കുന്നത്. അമേരിക്കയുടെയും കാനഡയുടെയും പൗരത്വമുള്ള പന്നുവിനെ നേരത്തെ ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിനെയും യുഎപിഎ പ്രകാരം നിരോധിച്ചിട്ടുണ്ട്.
അന്വേഷണത്തിനിടെ ചില ബാങ്ക് അക്കൗണ്ടുകളുടെ വിവരം ലഭിച്ചെന്നും പന്നുവുമായി ഇതിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നുമാണ് എന്‍ഐഎയുടെ നിലപാട്. തുടര്‍ന്നാണ് നിലവില്‍ യുഎസിലുള്ള പന്നുവിന്റെ വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെട്ടത്. പന്നുവിനെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയതിന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മുന്‍ ഉദ്യോഗസ്ഥനായ വികാഷ് യാദവിനെതിരെ അമേരിക്ക കേസെടുത്തിട്ടുണ്ട്. നിരവധി കിഡ്‌നാപ്പിങ് കേസുകളില്‍ പ്രതിയായ വികാഷ് യാദവ് ഇപ്പോള്‍ ഒളിവിലാണ്.