സൂറത്തില്‍ ശനിയാഴ്ച 111 പെണ്‍കുട്ടികളുടെ സമൂഹവിവാഹം; ആദ്യ കുട്ടിയുടെ ചെലവും വഹിക്കും

ഓരോ വിവാഹങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപയെങ്കിലും ചെലവ് വരും.

Update: 2024-12-12 04:48 GMT

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ശനിയാഴ്ച്ച 111 പെണ്‍കുട്ടികളുടെ സമൂഹവിവാഹം നടക്കും. സൂറത്തിലെ അബ്രാമയിലെ പി പി സവാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് സമൂഹവിവാഹം നടക്കുക. പി പി സവാനി ഗ്രൂപ്പാണ് വിവാഹങ്ങള്‍ നടത്തുന്നത്. കുട്ടിക്കാലത്തേ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹമാണ് ഗ്രൂപ്പ് നടത്തിക്കൊടുക്കുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള 111 പെണ്‍കുട്ടികളാണ് വിവാഹിതരാവുക.

സംസാരിക്കാന്‍ സാധിക്കാത്ത രണ്ടു പെണ്‍കുട്ടികളും ഭിന്നശേഷിക്കാരായ രണ്ടു പെണ്‍കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. 39 സമുദായങ്ങളില്‍ നിന്നുള്ളവരാണ് പുതിയ ജീവിതത്തിലേക്ക് കടക്കുക. മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള രണ്ടു പേരും ഇതിലുണ്ട്. ഓരോ വിഭാഗങ്ങള്‍ക്കും വേണ്ട മതപരമായ ചടങ്ങുകള്‍ നടത്താനുള്ള പുരോഹിതരെയും ഒരുക്കിയിട്ടുണ്ട്. വിവാഹചടങ്ങുകളില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് ശനിയും ഞായറും വിരുന്നുമുണ്ടാവും.


കഴിഞ്ഞ വര്‍ഷം നടത്തിയ സമൂഹവിവാഹത്തില്‍ നിന്നുള്ള ചിത്രം

കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ 5,274 വിവാഹങ്ങള്‍ നടത്തിയതായി പി പി സാവനി ഗ്രൂപ്പ് മേധാവി മഹേഷ് സാവനി പറഞ്ഞു. വിവാഹചെലവുകള്‍ക്ക് പുറമെ ആദ്യ കുട്ടിയുടെ ചെലവുകളും വഹിക്കും. പിതാവിനെ പോലെ പെണ്‍കുട്ടികളുടെ വിവാഹം നടത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ വര്‍ഷം നടത്തിയ സമൂഹവിവാഹത്തില്‍ നിന്നുള്ള ചിത്രം

രണ്ട് പെണ്‍മക്കളുടെ വിവാഹം നടക്കുന്നതിന് മുമ്പ് തന്റെ ബന്ധുവായ ഈശ്വര്‍ഭായ് 2008ല്‍ മരിച്ചിരുന്നതായി മഹേഷ് സാവനി പറഞ്ഞു. ''അവരുടെ വിവാഹം ഞാനാണ് നടത്തിയത്. അങ്ങനെയുള്ള നിരവധി പെണ്‍കുട്ടികള്‍ രാജ്യത്തുണ്ടാവുമെന്ന് പിന്നീടാണ് ആലോചിച്ചത്. അങ്ങനെയാണ് 2010ല്‍ സമൂഹ വിവാഹങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്. ഓരോ വിവാഹങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപയെങ്കിലും ചെലവ് വരും. ഇത്രയും സന്തോഷം മറ്റൊരു കാര്യത്തില്‍ നിന്നും എനിക്ക് ലഭിക്കാറില്ല.''-മഹേഷ് സാവനി പറഞ്ഞു. വജ്ര വ്യാപാരിയായ മഹേഷ് സാവനിയുടെ പ്രതിവര്‍ഷ വരുമാനം 1,000 കോടി രൂപയാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.


കഴിഞ്ഞ വര്‍ഷം നടത്തിയ സമൂഹവിവാഹത്തില്‍ നിന്നുള്ള ചിത്രം


Similar News