സിപിഎം ഓഫീസ് റെയ്ഡ്: റിപോര്‍ട്ട് സമര്‍പ്പിച്ചു; ഡിസിപിക്കെതിരേ കടുത്ത നടപടിയുണ്ടാവില്ല
ഡിസിപിയുടെ നീക്കത്തിനെതിരായ സര്‍ക്കാരിന്റെ അതൃപ്തി താക്കിതില്‍ ഒതുങ്ങിയേക്കും.
തിരുവനന്തപുരം: പോലിസ് സ്‌റ്റേഷന് കല്ലെറിഞ്ഞ പ്രതികള്‍ക്കായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെതിരേ കടുത്ത നടപടികള്‍ ഉണ്ടാവില്ല. ഡിസിപിയുടെ നീക്കത്തിനെതിരായ സര്‍ക്കാരിന്റെ അതൃപ്തി താക്കിതില്‍ ഒതുങ്ങിയേക്കും. ഓഫീസ് റെയ്ഡിനെതിരേ സിപിഎം ജില്ലാ സെക്രട്ടറി നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ എഡിജിപി മനോജ് എബ്രഹാം യാതൊരു തുടര്‍നടപടിയും ശുപാര്‍ശ ചെയ്യാതെയുള്ള റിപോര്‍ട്ട് ഡിജിപിക്ക് കൈമാറി. ചൈത്ര തെരേസ ജോണിനെതിരായ പരാമര്‍ശങ്ങളൊന്നും റിപോര്‍ട്ടിലില്ലെന്നാണ് സൂചന.
10 മിനിറ്റ് നേരമാണ് ഡിസിപിയും പോലിസ് സംഘവും ഓഫീസില്‍ ചിലവഴിച്ചത്. ഡിസിപിക്ക് നേരിട്ട് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നിയമാനുസൃതമായാണ് പരിശോധന നടത്തിയത്. പോലിസിലെ നടപടിക്രമങ്ങളുടെ ഭാഗമായ നടന്ന പരിശോധനയായതിനാല്‍ നടപടിയുടെ ആവശ്യമില്ലെന്നും ജാഗ്രത കുറവുണ്ടായെന്നും റിപോര്‍ട്ടിലുണ്ട്. ഏതെങ്കിലും തരത്തില്‍ ബലപ്രയോഗമോ സംഘര്‍ഷമോ പാര്‍ട്ടി ഓഫീസില്‍ പോലിസ് സംഘം സൃഷ്ടിച്ചിട്ടില്ല. റെയ്ഡിന്റെ വിശദാംശങ്ങള്‍ ഡിസിപി പിറ്റേദിവസം തന്നെ കോടതിയെ അറിയിച്ചെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഹൈദരാബാദിലേക്ക് പരിശീലനത്തിനായി തിരിക്കും മുമ്പ് എഡിജിപി അന്വേഷണറിപോര്‍ട്ട് ഡിജിപിക്ക് കൈമാറിയത്. ഈ റിപോര്‍ട്ടില്‍ എന്തു തുടര്‍നടപടി വേണമെന്ന് ഡിജിപിയാണ് തീരുമാനിക്കുക. വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓഫീസ് റെയ്ഡ് ചെയ്തതെന്ന് ചൈത്രയും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരും എഡിജിപിയെ അറിയിച്ചിട്ടുണ്ട്.
അതിനിടെ, പോലിസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരേ സേനയില്‍ അമര്‍ഷം ശക്തമാണ്. ചൈത്ര തെരേസ ജോണിനെതിരേ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടതില്‍ ഐപിഎസ് അസോസിയേഷന് എതിര്‍പ്പുണ്ട്. പ്രതികള്‍ എവിടെ ഒളിച്ചിരുന്നാലും പിടിക്കണം. അതിന് സര്‍ക്കാരിന്റെയോ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരുടെയോ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നതാണ് ഇവരുടെ വാദം. അതിനാല്‍, ജില്ലാ കമ്മിറ്റി ഓഫീസില്‍ പോലിസ് കയറിയതില്‍ വീഴ്ചയില്ലെന്ന വാദമാണ് അസോസിയേഷന്‍ ഉയര്‍ത്തുന്നത്. മെഡിക്കല്‍ കോളജ് പോലിസ് സ്‌റ്റേഷന് നേരെ കല്ലെറിഞ്ഞ പ്രതികളില്‍ ഒരാളുടെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. പ്രതികള്‍ അവിടെയുണ്ടായിരുന്നെങ്കിലും ഡിസിപിയും സംഘവുമെത്തിയതറിഞ്ഞ് അവിടെനിന്നു കടത്തിയെന്നും പോലിസ് ആരോപിക്കുന്നു.