എഐവൈഎഫ് സംസ്ഥാന സമ്മേളനം ഡിസംബര്‍ രണ്ട് മുതല്‍ നാല് വരെ കണ്ണൂരില്‍

Update: 2021-11-29 07:18 GMT

കണ്ണൂര്‍: എഐവൈഎഫ് 21ാം സംസ്ഥാന സമ്മേളനം ഡിസംബര്‍ 2, 3, 4 തിയ്യതികളില്‍ കണ്ണൂരില്‍ നടക്കും. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് എഐവൈഎഫിന്റെ സംസ്ഥാനസമ്മേളനത്തിന് കണ്ണൂര്‍ ആതിഥ്യമരുളുന്നത്. വിവിധ പരിപാടികളോടെ ഗംഭീരമായി സമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അനുബന്ധ പരിപാടികള്‍ പലതും ഒഴിവാക്കികൊണ്ടാണ് സമ്മേളനം ചേരുന്നതെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാമ്രാജ്യത്വ സാമ്പത്തിക നയങ്ങള്‍ക്കും വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്കുമെതിരായി അതിശക്തമായ പോരാട്ടങ്ങള്‍ക്കാണ് രാജ്യത്ത് എഐവൈഎഫ് നേതൃത്വം നല്‍കുന്നത്.

ജനാധിപത്യമതനിരപേക്ഷമൂല്യങ്ങള്‍ ചവിട്ടിമെതിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരേ യോജിച്ച സമരമുഖം തുറക്കാനുള്ള ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും സമ്മേളനം വേദിയാവും. വര്‍ധിച്ചുവരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയും യുവജനങ്ങളെ കേന്ദ്രീകരിച്ച് ശക്തിപ്പെടുന്ന ലഹരിമാഫിയ സംഘങ്ങള്‍ക്കെതിരെയും ആരംഭിച്ച കാംപയിനുകള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോവും. ഡിസംബര്‍ രണ്ടിന് വൈകീട്ട് നാലിന് പ്രദീപ് പുതുക്കുടി നഗറില്‍(ടൗണ്‍സ്‌ക്വയര്‍) പതാക-കൊടിമരം- ദീപശിഖ ജാഥകളുടെ സംഗമം നടക്കും.

കുടപ്പനക്കുന്ന് ജയപ്രകാശ് സ്മൃതിമണ്ഡപത്തില്‍ വച്ച് ജി ആര്‍ അനില്‍, അരുണ്‍ കെ എസിനെ ഏല്‍പ്പിച്ച പതാക സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.പി സന്തോഷ് കുമാര്‍ ഏറ്റുവാങ്ങും. മുഴക്കുന്ന് പി ദാമോദരന്‍ രക്തസാക്ഷി മണ്ഡപത്തില്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവംഗം സി എന്‍ ചന്ദ്രന്‍, എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സന്ദീപിനെ ഏല്‍പ്പിച്ച കൊടിമരം കെ രാജന്‍ ഏറ്റുവങ്ങും. പയ്യാമ്പലം സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സ്മൃതി കുടീരത്തില്‍ വെച്ച് സി പി ഐ സംസ്ഥാന കണ്‍ട്രോള്‍കമ്മീഷന്‍ ചെയര്‍മാന്‍ സി പി മുരളി എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗം ടി വി രജിതയെ ഏല്‍പ്പിച്ച ദീപശിഖ ജി കൃഷ്ണപ്രസാദ് ഏറ്റുവാങ്ങും.

തുടര്‍ന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആര്‍ സജിലാല്‍ പതാക ഉയര്‍ത്തും. ഡിസംബര്‍ 3ന് കാലത്ത് 10ന് ഗുരുദാസ് ദാസ് ഗുപ്ത നഗറില്‍(റബ്‌കോ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം ആരംഭിക്കും. പ്രതിനിധി സമ്മേളനം ദി ടെലിഗ്രാഫ് (കൊല്‍ക്കത്ത) എഡിറ്റര്‍ ആര്‍ രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. ബിനോയ് വിശ്വം എം.പി,ആര്‍ തിരുമലൈ, സത്യന്‍ മൊകേരി, സി എന്‍ ചന്ദ്രന്‍, കെ രാജന്‍, ജി ആര്‍ അനില്‍ എന്നിവര്‍ സംസാരിക്കും. വൈകീട്ട് ആറിന് സമാപന സമ്മേളനം നടക്കും. സ്വാഗതസംഘം ചെയര്‍മാന്‍ പി സന്തോഷ്‌കുമാര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി പി ഷൈജന്‍, സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, ജില്ലാ പ്രസിഡന്റ് കെ ആര്‍ ചന്ദ്രകാന്ത്, ജില്ലാ സെക്രട്ടറി കെ വി രജീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News