ആലപ്പാട് ഖനനം തുടരുമെന്ന് സര്‍ക്കാര്‍; സമരത്തിന് പിന്നില്‍ മലപ്പുറത്തുകാരെന്ന് വ്യവസായമന്ത്രി

ഖനനം നിര്‍ത്തിവയ്ക്കില്ല. ആലപ്പാട് വിവാദത്തിനും സമരത്തിനുമുള്ള ഒരു സാഹചര്യവുമില്ല. ഖനനം വിവാദമാക്കിയ സാഹചര്യം പരിശോധിക്കും. മലപ്പുറത്ത് നിന്നുള്ളവരാണ് ആലപ്പാട് നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്നത്. വാര്‍ത്തകള്‍ ബോധപൂര്‍വം സൃഷ്ടിക്കുന്നതാണോ എന്ന് സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു.

Update: 2019-01-13 10:42 GMT

തിരുവനന്തപുരം: പരിസ്ഥിതിയെ തകര്‍ത്തെറിഞ്ഞ് ആലപ്പാട് നടക്കുന്ന കരിമണല്‍ ഖനനത്തിനെതിരായ ജനകീയ സമരത്തെ തള്ളി സര്‍ക്കാര്‍. ഐആര്‍ഇ നടത്തുന്ന കരിമണല്‍ ഖനനം നിര്‍ത്തിവയ്ക്കാനാവില്ലെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ആലപ്പാടിനെ തകര്‍ത്തത് കരിമണല്‍ ഖനനമല്ല, സൂനാമിയാണ്. നിലവില്‍ ഉയര്‍ന്നുവന്ന ആക്ഷേപത്തെ സംബന്ധിച്ച് കെഎംഎംഎല്‍ എംഡി അന്വേഷിച്ചു, ഐആര്‍ഇയുടെ റിപോര്‍ട്ടും ലഭിച്ചു. ആലപ്പാട് വിവാദത്തിനും സമരത്തിനുമുള്ള ഒരു സാഹചര്യവുമില്ല. ഖനനം വിവാദമാക്കിയ സാഹചര്യം പരിശോധിക്കും. മലപ്പുറത്ത് നിന്നുള്ളവരാണ് ആലപ്പാട് നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്നത്. വാര്‍ത്തകള്‍ ബോധപൂര്‍വം സൃഷ്ടിക്കുന്നതാണോ എന്ന് സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ സ്ഥാപനത്തെ സഹായിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സുനാമിയെ തുടര്‍ന്ന് പ്രദേശത്ത് നാശനഷ്ടം ഉണ്ടായിട്ടുണ്ടെങ്കിലും ഖനനം മൂലം യാതൊരു പ്രശ്‌നവുമില്ല. ഏതോ ചില കേന്ദ്രങ്ങള്‍ അനാവശ്യമായി പ്രശ്‌നമുണ്ടാക്കുകയാണ്. ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനം നടത്തുന്നത്. ഖനനം നടത്തുന്ന ഐആര്‍ഇക്കെതിരേ മുമ്പ് ഒരു പരാതിയും ഉയര്‍ന്നിട്ടില്ല. ഗള്‍ഫ് നാടുകളില്‍ ഇന്ധനം ലഭിക്കുന്നതു പോലെ കേരളത്തിന് കടലില്‍ നിന്നും ലഭിക്കുന്ന സമ്പത്താണ് കരിമണല്‍. ഇതുഖനനം ചെയ്ത് സംസ്‌കരിച്ചെടുക്കുന്നതോടെ വലിയവരുമാനമാണ് ലഭിക്കുന്നത്.

തീരം സംരക്ഷിക്കാന്‍ കടല്‍ ഭിത്തിയുണ്ട്. കെഎംഎംഎല്‍ കരിമണല്‍ ഖനനം നടത്തുന്നത് 16.5 കീലോമീറ്റര്‍ പരിധിയിലാണ്. ഇതില്‍ 16 കിലോമീറ്റര്‍ പ്രദേശവും കടലാക്രമണത്തെ തടയാന്‍ ശക്തമായ കരിങ്കല്‍ ഭിത്തി നിര്‍മിച്ചിട്ടുണ്ട്. അര കിലോമീറ്ററില്‍ മാത്രമാണ് കരിങ്കല്‍ ഭിത്തിയില്ലാത്തത്. ഇവിടെയാണ് ഐആര്‍ഇ ഖനനം നടത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐആര്‍ഇക്ക് വേണ്ടി നൂറുകണക്കിന് തൊഴിലാളികളാണ് ആലപ്പാട് പണിയെടുക്കുന്നത്. ഈ തൊഴിലാളികള്‍ക്ക് ഒരു കോടിയോളം രൂപയാണ് പ്രതിമാസം ശമ്പളമായി നല്‍കുന്നത്. ഐആര്‍ഇയും കെഎംഎംഎല്ലും പൂട്ടിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

കെഎംഎംഎല്ലിന് ആവശ്യമായത്ര കരിമണല്‍ പോലും എടുക്കാന്‍ കഴിയുന്നില്ല. പരാതികള്‍ കേള്‍ക്കാന്‍ മാത്രമാണ് ബുധനാഴ്ച മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുള്ളത്. സമരക്കാരുടെ പരാതി കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ നാടിന്റെ വികസനത്തിന് എതിരുനില്‍ക്കില്ല. കുറച്ചുപേര്‍ മുദ്രാവാക്യം വിളിച്ചാല്‍ ഖനനം നിര്‍ത്തില്ല. മലപ്പുറത്തുള്ള ചിലരാണ് ചര്‍ച്ചകളില്‍ ആലപ്പാടിനെ കുറിച്ച് പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിയമലംഘനം നടത്തുന്ന കമ്പനിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള മന്ത്രിയുടെ പ്രതികരണം ജനാധിപത്യവിരുദ്ധമാണെന്ന് സമരസമിതി പ്രതികരിച്ചു. ജനങ്ങളെ വേണ്ട കമ്പനി മതിയെന്ന വികസനം ആര്‍ക്കുവേണ്ടിയാണ്. മലപ്പുറത്ത് നിന്നും പ്രത്യേകതരം സംഘടനകള്‍ സമരത്തിനില്ല. സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് നിരവധി പേര്‍ എത്തുന്നുണ്ട്. മന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നും സമരം തുടരുമെന്നും സമരസമിതി അറിയിച്ചു.


Tags:    

Similar News