ആലപ്പാട് സമരം: നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി
കരിമണല്‍ ഖനന വിരുദ്ധ സമരത്തെ പരോക്ഷമായി പിന്തള്ളി കഴിഞ്ഞദിവസം രംഗത്തുവന്ന മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ് ഇന്നു നിലപാട് മയപ്പെടുത്തിയത്. ജനവികാരം മാനിച്ച് പാര്‍ട്ടി നേതൃത്വം ഇടപെട്ടതോടെയാണ് മന്ത്രിയുടെ നിലപാടു മാറ്റമെന്നാണ് സൂചന. ആലപ്പാട്ടെ സമരക്കാരുമായി വ്യവസായ മന്ത്രി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം: ആലപ്പാട് സമരത്തില്‍ നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍. കരിമണല്‍ ഖനന വിരുദ്ധ സമരത്തെ പരോക്ഷമായി പിന്തള്ളി കഴിഞ്ഞദിവസം രംഗത്തുവന്ന മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ് ഇന്നു നിലപാട് മയപ്പെടുത്തിയത്. ജനവികാരം മാനിച്ച് പാര്‍ട്ടി നേതൃത്വം ഇടപെട്ടതോടെയാണ് മന്ത്രിയുടെ നിലപാടു മാറ്റമെന്നാണ് സൂചന. ആലപ്പാട്ടെ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി അറിയിച്ചു. ആലപ്പാട് തീരം ഇടിയുന്ന തരത്തില്‍ ഖനനം അനുവദിക്കില്ല. വ്യവസായ മന്ത്രി സമരക്കാരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.
ജനങ്ങള്‍ക്ക് ഒപ്പമാണ് സര്‍ക്കാര്‍. തീരം ഇടിയുന്ന തരത്തില്‍ ഖനനം അനുവദിക്കാനാവില്ല. ജനങ്ങള്‍ ആവശ്യമുന്നയിച്ചാല്‍ ചര്‍ച്ച വേണമല്ലോ. അതിനാല്‍ വ്യവസായ വകുപ്പ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കുമെന്നും മന്ത്രി പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലത്ത് പുലിമുട്ട് കെട്ടാന്‍ നടപടിയുണ്ടായി. പുലിമുട്ട് ടെന്‍ഡര്‍ ചെയ്ത് ജോലി തുടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഐആര്‍ഇ ഇത്രയും കാലം ചെയ്ത പോലെ അല്ല മുന്നോട്ടു പോവേണ്ടതെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. കരയിടിയാതെ ഖനനം നടത്തണമെന്ന് നേരത്തെ നിയമസഭ പരിസ്ഥിതികമ്മിറ്റി റിപോര്‍ട്ട് നല്‍കിയതാണ്. ഇത് പൂര്‍ണമായി പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം, സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്യുന്നതായും കരിമണല്‍ ഖനനം നിര്‍ത്തിവച്ചാല്‍ മാത്രമെ ചര്‍ച്ചയ്ക്ക് തയ്യാറാവുവെന്നും സമരസമിതി അറിയിച്ചു.
കഴിഞ്ഞദിവസം ആലപ്പാട് സമരത്തെ പരോക്ഷമായി തള്ളി മന്ത്രി രംഗത്തുവന്നത് ഏറെ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. പൊതുമേഖലയ്‌ക്കെതിരായ നീക്കം സര്‍ക്കാര്‍് അനുവദിക്കില്ലെന്നാണ് മന്ത്രി പ്രതികരിച്ചത്. തീരം സംരക്ഷിച്ചുകൊണ്ട് ഖനനം എന്നതാണ് സര്‍ക്കാര്‍ നയം. എന്നാല്‍ സ്വകാര്യ വ്യക്തികള്‍ക്ക് ഖനനത്തിന് അനുമതി നല്‍കില്ല. മുന്‍പ് തോട്ടപ്പള്ളിയില്‍ മല്‍സ്യതൊഴിലാളികളെ മുന്നില്‍ നിര്‍ത്തി ഖനന വിരുദ്ധ സമരം നടത്തിയത് തമിഴ്‌നാട്ടില്‍ നിന്നുള്ള സ്വകാര്യ കമ്പനിയാണെന്ന് വ്യക്തമായിരുന്നു. ആലപ്പാട്ടെ സമരം അത്തരത്തിലുള്ളതാണെന്ന് പറയുന്നില്ല. എന്നാല്‍ പൊതുമേഖലയെ ഒഴിവാക്കി സ്വകാര്യവ്യക്തികള്‍ക്ക് ഖനന അനുമതി നേടാനുള്ള ഒരു നീക്കവും സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
ആലപ്പാട്ടെ കരിമണല്‍ ഖനനത്തില്‍ അശാസ്ത്രീയതയുണ്ടോയെന്ന് പരിശോധിക്കുമെന്ന് വ്യവസായ വകുപ്പുമന്ത്രി ഇ പി ജയരാജനും പ്രതികരിച്ചിരുന്നു. വിഷയത്തെ കുറിച്ച് കൂടുതല്‍ പഠിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ഖനനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുന്നത് നാട്ടുകാര്‍ തന്നെയാണോ എന്നു പരിശോധിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. കരിമണല്‍ പ്രകൃതി തരുന്ന വന്‍സമ്പത്താണെന്നും അത് വേണ്ടവിധം ഉപയോഗിക്കാന്‍ സാധിച്ചാല്‍ കേരളത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സമരം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കരുനാഗപ്പള്ളി എംഎല്‍എ ആര്‍ രാമചന്ദ്രന്‍ കഴിഞ്ഞദിവസം സര്‍ക്കാരിന് കത്തുനല്‍കിയിരുന്നു. ഈ ഘട്ടത്തില്‍ പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യതയാണ് മന്ത്രിയുടെ പ്രതികരണത്തിലൂടെ കാണുന്നത്.