ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കൊലപാതകം: കുടുംബത്തിന് 10 ലക്ഷം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍

താന്‍ ഒറ്റക്കാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് അസ്ഫക്കിന്റെ മൊഴി.

Update: 2023-08-02 09:31 GMT

തിരുവനന്തപുരം: ആലുവയില്‍ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. അവശേഷിക്കുന്ന ഒന്‍പത് ലക്ഷവും കുടുംബത്തിന് നല്‍കും.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് ജ്യൂസ് വാങ്ങിക്കൊടുത്ത് അസ്ഫക് ആലം തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ തൊട്ടടുത്ത ദിവസം ആലു മാര്‍ക്കറ്റിന് സമീപം മരിച്ച നിലയിലാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു. പ്രതി അസ്ഫാക് ആലം പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

പെണ്‍കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളാരും പങ്കെടുത്തിരുന്നില്ല. പിന്നീട് ആലുവയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ മന്ത്രി വീണ ജോര്‍ജ്ജ് സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര സഹായമായി ഒരു ലക്ഷം രൂപ കുട്ടിയുടെ കുടുംബത്തിന് കൈമാറിയിരുന്നു. പ്രതി അസ്ഫാക് ആലം ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

താന്‍ ഒറ്റക്കാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് അസ്ഫക്കിന്റെ മൊഴി. ഇയാള്‍ നേരത്തെ ദില്ലിയില്‍ പത്ത് വയസുകാരി പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പിടിയിലായിരുന്നു. റിമാന്റില്‍ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങി കേരളത്തിലേക്ക് കടക്കുകയായിരുന്നു. ദില്ലിയില്‍ നടത്തിയതിലും അതിക്രൂരമായ കുറ്റകൃത്യത്തിലൂടെ ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. പ്രതിയുടെ പൗരത്വം അടക്കം അന്വേഷിക്കാന്‍ പൊലീസ് സംഘം ബിഹാറിലേക്ക് പോയിട്ടുണ്ട്.









Tags:    

Similar News