പാർട്ടിയും തള്ളി; വിവാദത്തിൽ ഒറ്റപ്പെട്ട് എ എം ആരിഫ് എംപി

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെകാലത്താണു പണി നടന്നത്. അതിലെ അപാകം വ്യക്തമാക്കി പരാതി നൽകിയതാണു പാർട്ടിയെ ചൊടിപ്പിച്ചത്.

Update: 2021-08-17 01:12 GMT

ആലപ്പുഴ: ചേർത്തല-അരൂർ ദേശീയപാത പുനർനിർമാണത്തിലെ അപാകത അന്വേഷിക്കണമെന്നാവശ്യപ്പെട്ട എ എം ആരിഫ് എംപിയുടെ നിലപാടിനെ പാർട്ടിയും തള്ളിയതോടെ അദ്ദേഹം പ്രതിരോധത്തിലായി.

അനുമതി വാങ്ങാതെയാണ് എംപി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനു പരാതി നൽകിയതെന്നു സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ ആവർത്തിച്ചു. ഗൗരവമായി വിഷയം പഠിക്കാതെ പ്രശ്നമുന്നയിച്ചതു തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെകാലത്താണു പണി നടന്നത്. അതിലെ അപാകം വ്യക്തമാക്കി പരാതി നൽകിയതാണു പാർട്ടിയെ ചൊടിപ്പിച്ചത്. റോഡുപണിയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എംപി നൽകിയ പരാതിയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി സുധാകരൻ ഇടപെട്ട് അന്വേഷണം നടത്തി റിപോർട്ട് നൽകിയിരുന്നു.

മീഡിയന് അടിയിലുള്ള വെള്ളക്കെട്ടാണ് റോഡുതകരാൻ കാരണമെന്നായിരുന്നു വിലയിരുത്തൽ. ഇതുപരിഹരിക്കാൻ വലിയതുക വേണമെന്നതിനാൽ ദേശീയപാത അതോറിറ്റി അംഗീകരിച്ചില്ല. ഈ റിപോർട്ട് തനിക്കു ലഭിച്ചിരുന്നില്ലെന്ന് ആരിഫ് പറഞ്ഞു.

റോഡുതകരുമ്പോൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയെന്ന ജനപ്രതിനിധിയുടെ ഉത്തരവാദിത്വംമാത്രമാണു നിർവഹിച്ചത്. ഉദ്യോഗസ്ഥരുടെയോ കരാറുകാരുടെയോ ഭാഗത്തു വീഴ്ചയുണ്ടായാൽ അതുകണ്ടെത്തി തിരുത്തിക്കുകയാണ് ഉദ്ദേശിച്ചത്. അത്‌ ജി. സുധാകരനെതിരേയുള്ള നീക്കമായി ചിലർ വ്യാഖ്യാനിച്ചുവെന്നും ആരിഫ് പറഞ്ഞു. 

Similar News