നടി അനുശ്രീയുടെ പിതാവിന്റെ കാര്‍ മോഷ്ടിച്ച പ്രബിന്‍ സ്ഥിരം കള്ളന്‍; കറങ്ങി നടന്ന് മോഷണം നടത്തുന്നയാളെന്ന് പോലിസ്

ഇയാളെ പിടികൂടിയ വിവരമറിഞ്ഞ് സംസ്ഥാനത്തെ പത്തോളം സ്‌റ്റേഷനുകളില്‍ നിന്നാണ് പോലിസുകാര്‍ കൊട്ടാരക്കര പോലിസിനെ ബന്ധപ്പെട്ടിരിക്കുന്നത്.

Update: 2024-12-14 03:43 GMT

കൊല്ലം: സിനിമാ നടി അനുശ്രീയുടെ പിതാവിന്റെ കാര്‍ മോഷ്ടിച്ച കേസില്‍ പിടിയിലായ നെടുമങ്ങാട് സ്വദേശി പ്രബിനെ കൊട്ടാരക്കര പോലിസ് കൂടുതല്‍ ചോദ്യം ചെയ്യും. ഇഞ്ചക്കാട്ടെ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഷോറൂമില്‍ നിന്നാണ് അനുശ്രീയുടെ പിതാവിന്റെ കാര്‍ പ്രബിന്‍ മോഷ്ടിച്ചിരുന്നത്. ഒരു വര്‍ക്‌ഷോപ്പിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ നമ്പര്‍ പ്ലേറ്റ് ഇളക്കിയെടുത്ത് മോഷ്ടിച്ച കാറില്‍ ഘടിപ്പിച്ചെന്ന് പോലിസ് പറയുന്നു. തുടര്‍ന്ന് ഈ കാറില്‍ കറങ്ങി നടന്ന് വെള്ളറടയിലെയും പത്തനംതിട്ട പെരിനാട്ടെയും റബര്‍ ഷീറ്റ് കടകള്‍ കുത്തിത്തുറന്ന് 900 കിലോ ഷീറ്റും പണവും കവര്‍ന്നു. മോഷ്ടിച്ച റബര്‍ ഷീറ്റ് പൊന്‍കുന്നത്തെ കടയിലാണ് വിറ്റത്.

ഇതിന് ശേഷം കോഴിക്കോട്ടേക്ക് പോവുന്ന വഴി പാലായ്ക്ക് സമീപം മറ്റൊരു വാഹനവുമായി കാര്‍ കൂട്ടിയിടിച്ചു. അതോടെ കാര്‍ വഴിയില്‍ ഉപേക്ഷിച്ച് ബസില്‍ കയറി തിരുവനന്തപുരത്തേക്ക് പോയി. അവിടെ നിന്ന് ബൈക്കില്‍ കോഴിക്കോട്ടേക്ക് പോകും വഴി കൊട്ടാരക്കരയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഉപേക്ഷിച്ച കാറും കണ്ടെത്തി. കേസില്‍ റിമാന്‍ഡിലായ പ്രബിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ കിട്ടിയിട്ടുണ്ട്.

മോഷ്ടിച്ച വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മാറ്റി വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് പോലിസ് പറഞ്ഞു. ഇയാളെ പിടികൂടിയ വിവരമറിഞ്ഞ് സംസ്ഥാനത്തെ പത്തോളം സ്‌റ്റേഷനുകളില്‍ നിന്നാണ് പോലിസുകാര്‍ കൊട്ടാരക്കര പോലിസിനെ ബന്ധപ്പെട്ടിരിക്കുന്നത്.

Similar News