സംഭലില്‍ ഭരണകൂട അതിക്രമം തുടരുന്നു; പള്ളി ഇമാമിന് രണ്ട് ലക്ഷം പിഴ, ലൗഡ്‌സ്പീക്കര്‍ ചട്ടം ലംഘിച്ചെന്ന് ആരോപണം

കൈയ്യേറ്റം ആരോപിച്ച് ഇതുവരെ പ്രദേശത്ത് 1211 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Update: 2024-12-14 04:46 GMT

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ കോട് ഗര്‍വിയിലെ അനാര്‍ വാലി മസ്ജിദ് ഇമാമിന് രണ്ട് ലക്ഷം രൂപ പിഴയിട്ട് ജില്ലാ ഭരണകൂടം. ഉച്ചഭാഷിണി നിയന്ത്രണചട്ടം ലംഘിച്ച് ശബ്ദമലിനീകരണം ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് നടപടി. മുന്‍കരുതല്‍ നടപടിയായി ഇമാമായ തഹ്‌സീബിനെ അറസ്റ്റ് ചെയ്‌തെന്നും പിന്നീട് ജാമ്യത്തില്‍ വിട്ടെന്നും സംഭല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വന്ദന മിശ്ര പറഞ്ഞു. അടുത്ത ആറ് മാസം സമാനമായ കാര്യങ്ങള്‍ ചെയ്യരുതെന്നും ഇമാമിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംഭലിലെ ചരിത്ര പ്രശസ്തമായ ശാഹീ ജാമിഅ് മസ്ജിദില്‍ സര്‍വേ നടത്താന്‍ എത്തിയ പോലിസ് സംഘം നവംബര്‍ 24ന് ആറു മുസ്‌ലിം യുവാക്കളെ വെടിവച്ചു കൊന്നിരുന്നു. ഇക്കാര്യം ഇന്നലെ പാര്‍ലമെന്റില്‍ വരെ ചര്‍ച്ചയായി. പള്ളിയിലെ സര്‍വേ നടപടികള്‍ സുപ്രിംകോടതി തടഞ്ഞിട്ട് പോലും പോലിസും ജില്ലാ ഭരണകൂടവും പ്രദേശത്ത് അതിക്രമം തുടരുന്നതായി സംഭല്‍ എംപി സിയാവുല്‍ റഹ്മാന്റെ പിതാവ് മംലൂക്ക് റഹ്മാന്‍ പറഞ്ഞു. നവംബര്‍ 24ന് ബംഗളൂരുവില്‍ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിന്റെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്ന സിയാവുല്‍ റഹ്മാനെയും സംഘര്‍ഷ കേസില്‍ പോലിസ് പ്രതിയാക്കിയിരുന്നു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വന്ദന മിശ്രയുടെ ചില ഇടപെടലുകള്‍ സംഘര്‍ഷത്തിന് കാരണമായെന്ന് മസ്ജിദ് കമ്മിറ്റി നേരത്തെ ആരോപിച്ചിരുന്നു.

ശാഹീ ജാമിഅ് മസ്ജിദിന് സമീപം കൈയ്യേറ്റം വ്യാപകമാണെന്ന് ആരോപിച്ച് ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ കഴിഞ്ഞ ദിവസം പ്രദേശത്ത് എത്തിയിരുന്നു. '' റോഡുകളും ഓടകളും ജലാശയങ്ങളും കുറെക്കാലമായി ചിലര്‍ കൈയ്യേറിയിരിക്കുകയാണ്. അവ പൊളിച്ച് നീക്കലാണ് ലക്ഷ്യം. നേരത്തെ ചന്ദൗസിയ പ്രദേശത്ത് സമാനമായ നടപടി സ്വീകരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇവിടെ മൂന്നുമാസം വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.'' അദ്ദേഹം പറഞ്ഞു. കൈയ്യേറ്റം ആരോപിച്ച് ഇതുവരെ പ്രദേശത്ത് 1211 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ രാജേന്ദ്ര പെന്‍സിയക്ക് പങ്കുണ്ടെന്ന് ഇരകളുടെ കുടുംബങ്ങള്‍ പറയുന്നുണ്ട്. സംഘര്‍ഷം അന്വേഷിക്കാന്‍ രൂപീകരിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ഇയാളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.




Similar News