അമ്പൂരിയിൽ യുവതിയുടെ കൊലപാതകം: മുഖ്യപ്രതികൾ ബിജെപിയുടെ സജീവപ്രവർത്തകർ
രാഖിയുടെ കൊലപാതകത്തിന് പിന്നിൽ അഖിലിന്റെ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് പിതാവ് രാജൻ പറയുന്നു. പോലിസ് അന്വേഷണത്തിൽ തൃപ്തിയില്ല. പ്രതികൾ ഒളിവിലുള്ളത് മാതാപിതാക്കളുടെ അറിവോടെയാണ്.
തിരുവനന്തപുരം: നെയ്യാറ്റിൻകര അമ്പൂരിയിൽ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കാമുകൻ അഖിലും സഹോദരൻ രാഹുലും ബിജെപിയുടെ സജീവ പ്രവർത്തകർ. പോലിസ് ഇക്കാര്യം സ്ഥിരീകരിച്ചു. ഒളിവിൽ കഴിയുന്ന ഇവർക്കായി കേരളത്തിന് അകത്തും പുറത്തും തിരച്ചിൽ തുടരുകയാണ്.
രാഖിയുടെ കൊലപാതകത്തിന് പിന്നിൽ അഖിലിന്റെ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് പിതാവ് രാജൻ പറയുന്നു. പോലിസ് അന്വേഷണത്തിൽ തൃപ്തിയില്ല. പ്രതികൾ ഒളിവിലുള്ളത് മാതാപിതാക്കളുടെ അറിവോടെയാണ്. വീടിനുള്ളിൽ നടന്ന കൊലപാതകം മാതാപിതാക്കൾ അറിഞ്ഞില്ലെന്നത് വിശ്വസിക്കാനാവില്ല. സംഭവത്തിന് പിന്നിൽ ദുരൂഹതകളുണ്ടെന്നും രാജൻ പറഞ്ഞു.
കൊല്ലപ്പെട്ട യുവതി കാണാതായ ദിവസം നെയ്യാറ്റിന്‍കരയില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പോലിസിന് ലഭിച്ചിരുന്നു. കഴിഞ്ഞ മാസം 21ന് ഉച്ചയ്ക്കാണ് യുവതി അമ്പൂരിയിൽ എത്തിയത്. പ്രതികളായ സൈനികന്‍ അഖിലും സഹോദരന്‍ രാഹുലും കീഴടങ്ങിയതായി പിതാവ് മണിയന്‍ ഇ ന്നലെ അവകാശപ്പെട്ടെങ്കിലും പോലിസ് നിഷേധിച്ചു.
സൈനികനായതിനാൽ അഖിലിനും സഹോദരനും വേണ്ടി പ്രത്യേക അന്വേഷണ സംഘം ഡൽഹിയിൽ ഉൾപ്പടെ തിരച്ചില്‍ നടത്തുകയാണ്. അഖിൽ സേനയിൽ ഇല്ലെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. പ്രതി അഖില്‍ ജോലിയില്‍ തിരികെ പ്രവേശിച്ചതായി വീട്ടുകാരും ബന്ധുക്കളും അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് സൈന്യം രേഖാമൂലം മറുപടിനല്‍കി. ഡല്‍ഹി യൂണിറ്റിലെ സൈനീകനായ അഖില്‍ കഴിഞ്ഞ ജൂണില്‍ അവധിയില്‍പോയ ശേഷം തിരികെ എത്തിയിട്ടില്ലെന്നാണ് സൈന്യം മറുപടി നല്‍കിയിരിക്കുന്നത്.
അതേസമയം, അഖിൽ യുവതിയെ വിവാഹം കഴിച്ചിരുന്നതായും പോലിസ് പറയുന്നു. സാക്ഷി മൊഴിയില്‍ നിന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ എറണാകുളത്തെ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹമത്രേ. മൃതശരീരത്തിന് സമീപത്ത് നിന്നായി യുവതിയുടെ താലിയും കണ്ടെത്തിയിരുന്നു. പിടിയിലായ അഖിലിന്റെ സുഹൃത്ത് ആദര്‍ശിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം പോലിസ് വിശദീകരിക്കുന്നുണ്ട്.