അമ്പൂരി കൊലപാതകം: പ്രതിയുമായുള്ള തെളിവെടുപ്പ് നാട്ടുകാര്‍ തടഞ്ഞു
അഖിലിനെ അമ്പൂരിയിലെ വീട്ടിലെത്തിച്ചപ്പോള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പോലിസിനും പ്രതിയായ അഖിലിനും നേരെ കല്ലേറുണ്ടായി. അഖിലിനെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. പ്രതിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യമുന്നയിക്കുന്നത്.
തിരുവനന്തപുരം: അമ്പൂരി കൊലക്കേസില്‍ ഒന്നാംപ്രതി അഖില്‍ ആര്‍ നായരുമായി അന്വേഷണസംഘം തെളിവെടുപ്പിന് എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ. അഖിലിനെ അമ്പൂരിയിലെ വീട്ടിലെത്തിച്ചപ്പോള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. വലിയ ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ചുകൂടിയത്. അതിനിടെ, പോലിസിനും പ്രതിയായ അഖിലിനും നേരെ കല്ലേറുണ്ടായി. അഖിലിനെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. പോലിസ് വാഹനം തടഞ്ഞ ജനക്കൂട്ടത്തെ പോലിസ് ലാത്തിവീശി ഓടിച്ചു. പ്രതിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തശേഷം തെളിവെടുപ്പ് നടത്തിയാല്‍ മതിയെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടത്. കൊലപാതകത്തില്‍ മാതാപിതാക്കള്‍ക്കും കൃത്യമായ പങ്കുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. പോലിസ് വാഹനം തടഞ്ഞ ജനക്കൂട്ടത്തെ പോലിസ് ലാത്തിവീശി ഓടിച്ചു.
കൂക്കിവിളിച്ചും മുദ്രാവാക്യം വിളിച്ചുമാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. അറുപതോളം പോലിസാണ് ഉണ്ടായത്. ഇതോടെ അഖിലിന്റെ സുഹൃത്തായ ആദര്‍ശിന്റെ വീട്ടിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടു. ആദര്‍ശിന്റെ വീടിനു പിന്നിലൂടെയാണ് മൃതദേഹം മറവുചെയ്യാന്‍ കൊണ്ടുപോയത്. എന്നാല്‍, പ്രതിഷേധം ശക്തമായതോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനായില്ല. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വീടിന് പിന്നിലൂടെ മറ്റൊരു വഴിയിലൂടെയാണ് അഖിലിനെ തിരികെ പോലിസ് വാഹനത്തിലേക്ക് എത്തിച്ചത്.
ജൂണ്‍ 21ന് രാഖിയെ കാറില്‍ കയറ്റിയ നെയ്യാറ്റിന്‍കരയിലെ സ്ഥലത്തെത്തിച്ച് രാവിലെ തെളിവെടുപ്പ് നടത്തിയിരുന്നു. തുടര്‍ന്ന് രാഖിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ അമ്പൂരിയിലെ സ്ഥലത്തേക്ക് അഖിലിനെ എത്തിച്ചു. വലിയ പോലിസ് സന്നാഹത്തിന്റെ സുരക്ഷയിലാണ് തെളിവെടുപ്പ് നടന്നത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം അഖിലിനെ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫീസിലെത്തിക്കും. തുടര്‍ന്ന് നെയ്യാറ്റിന്‍കര ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും. പ്രതികള്‍ക്കായി ഇന്നുതന്നെ അന്വേഷണസംഘം കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. മൂന്നു പ്രതികള്‍ക്കും വേണ്ടി കസ്റ്റഡി അപേക്ഷ നല്‍കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. മൂന്നുപേരെയും ഒരുമിച്ച് ചോദ്യം ചെയ്താല്‍ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലിസിന്റെ നിഗമനം. അഖിലിന്റെ സഹോദരനും രണ്ടാം പ്രതിയുമായ രാഹുല്‍, സുഹൃത്തായ മൂന്നാംപ്രതി ആദര്‍ശ് എന്നിവര്‍ റിമാന്റിലാണ്.