അമ്പൂരി കൊലപാതകം: രണ്ടാംപ്രതി രാഹുല്‍ അറസ്റ്റില്‍; രാഖിയെ കാറില്‍വച്ച് അഖില്‍ കഴുത്തുഞെരിച്ച് കൊന്നെന്ന് മൊഴി
രാഖി പ്രണയത്തിലായിരുന്ന സൈനികന്‍ അഖിലിന്റെ സഹോദരനാണ് രാഹുല്‍. പൂവാര്‍ പോലിസാണ് രാഹുലിനെ അറസ്റ്റുചെയ്തത്. കേസിലെ ഒന്നാം പ്രതിയും സൈനികനുമായ അഖിലിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കാറില്‍വച്ച് അഖില്‍ കഴുത്തുഞെരിച്ചാണ് രാഖിയെ കൊലപ്പെടുത്തിയതെന്ന് രാഹുല്‍ മൊഴിനല്‍കിയതായി പോലിസ് അറിയിച്ചു.
തിരുവനന്തപുരം: അമ്പൂരിയില്‍ രാഖി എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതി രാഹുല്‍ അറസ്റ്റില്‍. രാഖി പ്രണയത്തിലായിരുന്ന സൈനികന്‍ അഖിലിന്റെ സഹോദരനാണ് രാഹുല്‍. പൂവാര്‍ പോലിസാണ് രാഹുലിനെ അറസ്റ്റുചെയ്തത്. കേസിലെ ഒന്നാം പ്രതിയും സൈനികനുമായ അഖിലിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കാറില്‍വച്ച് അഖില്‍ കഴുത്തുഞെരിച്ചാണ് രാഖിയെ കൊലപ്പെടുത്തിയതെന്ന് രാഹുല്‍ മൊഴിനല്‍കിയതായി പോലിസ് അറിയിച്ചു. തൃപ്പരപ്പിലുള്ള ഒരു സുഹൃത്തിന്റെ കാറിലാണ് നെയ്യാറ്റിന്‍കരയില്‍നിന്നും അഖില്‍ രാഖിയെ നിര്‍മാണം നടക്കുന്ന വീട്ടിലേക്ക് കൊണ്ടുവന്നത്. വീട്ടിലെത്തിയപ്പോള്‍ കാറിനുള്ളില്‍ സഹോദരന്‍ രാഹുലും കയറി. മറ്റൊരു വിവാഹം അനുവദിക്കില്ലെന്ന് രാഖി പറഞ്ഞതോടെ അഖിലുമായി വാക്കുതര്‍ക്കമുണ്ടായി.
പിന്‍സീറ്റിലിരുന്ന രാഖിയെ അഖില്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ബോധരഹിതയായ രാഖിയെ പിന്നീട് കഴുത്തില്‍ കയര്‍മുറുക്കി മരണം ഉറപ്പാക്കുകയായിരുന്നുവെന്നാണ് രാഹുല്‍ പോലിസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. നേരത്തെ അഖിലിന്റെ സുഹൃത്തായ മൂന്നാം പ്രതി ആദര്‍ശ് അറസ്റ്റിലായിരുന്നു. കൊലപാതകത്തില്‍ പട്ടാളക്കാരനായ അഖില്‍ ഒന്നാം പ്രതിയും സഹോദരന്‍ രാഹുല്‍ രണ്ടാംപ്രതിയും സുഹൃത്ത് ആദര്‍ശ് മൂന്നാം പ്രതിയുമാണ്. ആദര്‍ശ് ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇയാളെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി അറിയിച്ചു. അഖിലിനെ കണ്ടെത്താന്‍ പൊഴിയൂര്‍ എസ്‌ഐ പ്രസാദിന്റെ മേല്‍നോട്ടത്തിലുള്ള മൂന്നംഗസംഘം ഡല്‍ഹിക്ക് തിരിച്ചിട്ടുണ്ട്.
സംഭവശേഷം അഖില്‍ മിലിറ്ററി ക്യാംപില്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നാണു പോലിസിന് ലഭിച്ച വിവരം. അഖില്‍ രാഖിയെ വിവാഹം കഴിച്ചിരുന്നതായി പോലിസ് പറയുന്നു. മൃതദേഹത്തില്‍നിന്നു കിട്ടിയ താലിമാല എറണാകുളത്തെ ഒരു ആരാധനാലയത്തില്‍ വച്ച് അണിയിച്ചതായും പോലിസ് കരുതുന്നു. ദീര്‍ഘനാളത്തെ പ്രണയത്തില്‍നിന്ന് പിന്‍മാറിയ അഖില്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചതാണു പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. രാഖിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്ടെന്നു ജീര്‍ണിക്കാനായി വസ്ത്രങ്ങള്‍ മാറ്റിയ ശേഷമാണു കുഴിച്ചുമൂടിയത്.