സമഗ്ര ആംബുലന്‍സ് സമ്പ്രദായം കേരളമൊട്ടാകെ യാഥാര്‍ഥ്യമാവുന്നു

ഇതോടനൂബന്ധിച്ച് ഏകീകൃത കോള്‍ സെന്റര്‍, ജിപിഎസ് സംവിധാനമുള്ള ആംബുലന്‍സുകള്‍, പരിശീലനം സിദ്ധിച്ച എമര്‍ജന്‍സി മെഡിസിന്‍ ടെക്നീഷ്യര്‍ എന്നിവരുമുണ്ടാവും. ഈ പദ്ധതിയുടെ എസ്പിവി ആയ കേരള സ്റ്റേറ്റ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഏകോപനത്തിലാവും ഇത് യാഥാര്‍ത്ഥ്യമാവുക.

Update: 2019-03-07 15:49 GMT

തിരുവനന്തപുരം: കേരളമൊട്ടാകെ നടപ്പിലാക്കുന്ന സമഗ്ര ട്രോമാകെയര്‍ സംവിധാനത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സമഗ്ര ആംബുലന്‍സ് സമ്പ്രദായം ഉടന്‍ യാഥാര്‍ഥ്യമാവും. ഇതിന്റെ ഭാഗമായി ആംബുലന്‍സ് സമ്പ്രദായം നടപ്പിലാക്കുന്നതിനായുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഏറ്റവും കുറഞ്ഞ ലേലം നല്‍കിയ തെലുങ്കാനയിലെ ജിവികെ എമര്‍ജന്‍സി മാനേജ്മെന്റ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനാണ് ആംബുലന്‍സ് സമ്പ്രദായത്തിന്റെ നടത്തിപ്പിനുള്ള അനുമതി നല്‍കിയത്. ആദ്യ ടെണ്ടര്‍ വിളിച്ചിരുന്നെങ്കിലും ലേലത്തില്‍ ന്യൂനത കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അത് റദ്ദ് ചെയ്ത് റീ ടെണ്ടര്‍ വിളിക്കാന്‍ ഉത്തരവായിരുന്നു. അതില്‍ പങ്കെടുത്ത കമ്പനികളില്‍ നിന്നാണ് ഫിനാന്‍ഷ്യല്‍ ബിഡിലെ ഹൈലെവല്‍ കമ്മിറ്റി പരിശോധച്ചതിന് ശേഷം ജിവികെയെ തിരഞ്ഞെടുത്തത്.

സംസ്ഥാനമൊട്ടാകെ ബന്ധിപ്പിക്കുന്ന ആംബുലന്‍സ് ശൃംഖലയ്ക്കാണ് ഇതിലൂടെ തുടക്കമാകുന്നത്. ഇതോടനൂബന്ധിച്ച് ഏകീകൃത കോള്‍ സെന്റര്‍, ജിപിഎസ് സംവിധാനമുള്ള ആംബുലന്‍സുകള്‍, പരിശീലനം സിദ്ധിച്ച എമര്‍ജന്‍സി മെഡിസിന്‍ ടെക്നീഷ്യര്‍ എന്നിവരുമുണ്ടാവും. ഈ പദ്ധതിയുടെ എസ്പിവി ആയ കേരള സ്റ്റേറ്റ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഏകോപനത്തിലാവും ഇത് യാഥാര്‍ത്ഥ്യമാവുക.

സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ അപകടം പറ്റിയവര്‍ക്ക് എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്പൂര്‍ണ ട്രോമകെയര്‍ സമ്പ്രദായം ആരംഭിക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. അപകടം നടന്ന് ആദ്യത്തെ മണിക്കൂറുകള്‍ (ഗോള്‍ഡന്‍ അവര്‍) ഏറെ പ്രധാനമാണ്. ഈ ഗോള്‍ഡനവറിനുള്ളില്‍ അപകടം പറ്റിയ ആളിനെ വിദഗ്ധ സൗകര്യമുള്ള ആശുപത്രിയിലെത്തിച്ചാല്‍ രക്ഷപ്പെടുത്താന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ പല കാരണം കൊണ്ട് പെട്ടെന്ന് തന്നെ വിദഗ്ധ ചികിത്സ ലഭിക്കാന്‍ കഴിയാതെ വരുന്നു. ഇതിനൊരു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് സമഗ്ര ട്രോമ കെയര്‍ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി വരുന്നത്.

വിദേശ രാജ്യങ്ങളിലുള്ളതു പോലെയുള്ള മികച്ച ട്രോമകെയര്‍ സംവിധാനമാണ് ഇവിടേയും കൊണ്ടുവരാനുദ്ദേശിക്കുന്നത്. എല്ലാ ആശുപത്രികളേയും ഉള്‍പ്പെടുത്തിയാവും ഇത് സാക്ഷാല്‍ക്കരിക്കുക. കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലും എമര്‍ജന്‍സി മെഡിസിന്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Tags:    

Similar News