ലയിക്കാനില്ലെന്ന് അനൂപ് ജേക്കബ്; ആശയപരമായി ഒരുമിച്ചുനില്‍ക്കുന്നവര്‍ ഒന്നിക്കണമെന്ന് പി ജെ ജോസഫ്

ലയനചര്‍ച്ചകള്‍ സജീവമാക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ 21ന് ഉന്നതാധികാര സമിതി യോഗം വിളിച്ചത് തള്ളി അനൂപ് ജേക്കബ് ഇന്ന് കോട്ടയത്ത് സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്തതോടെയാണ് പാര്‍ട്ടി പൊട്ടിത്തെറിയുടെ വക്കിലെത്തിയത്.

Update: 2020-02-15 18:06 GMT

കോട്ടയം: പി ജെ ജോസഫ് വിഭാഗവുമായുള്ള ലയനചര്‍ച്ചകള്‍ ഉടലെടുത്തതോടെ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. ലയനചര്‍ച്ചകള്‍ സജീവമാക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ 21ന് ഉന്നതാധികാര സമിതി യോഗം വിളിച്ചത് തള്ളി അനൂപ് ജേക്കബ് ഇന്ന് കോട്ടയത്ത് സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്തതോടെയാണ് പാര്‍ട്ടി പൊട്ടിത്തെറിയുടെ വക്കിലെത്തിയത്. ജോസഫ് ഗ്രൂപ്പുമായുള്ള ലയനത്തോട് ആദ്യം താല്‍പര്യം കാണിച്ച അനൂപ് ജേക്കബ് പിന്നീട് പിന്‍വാങ്ങി. അനൂപ് ജേക്കബ് വിളിച്ച യോഗത്തില്‍നിന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ വിട്ടുനിന്നത് ഭിന്നത അതിരൂക്ഷമാണെന്നതിന്റെ തെളിവാണ്. അതേസമയം, കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗവുമായി ലയിക്കേണ്ട ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ് രംഗത്തെത്തി. ലയനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാവില്ലെന്ന് കരുതുന്നു.

ജോണി നെല്ലൂര്‍ ഒപ്പംനില്‍ക്കുമെന്നാണ് പ്രതീക്ഷ. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ഹൈപവര്‍ കമ്മിറ്റിയും ലയനം വേണ്ടെന്നു തീരുമാനിച്ചിരുന്നു. പാര്‍ട്ടി ചെയര്‍മാനെ അറിയിച്ച ശേഷം നടത്തിയ യോഗത്തില്‍ ഉയര്‍ന്നുവന്ന വികാരം ജോണി നെല്ലൂര്‍ മനസ്സിലാക്കുമെന്നാണ് കരുതുന്നത്. പാര്‍ട്ടിയില്‍ അനവസരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ഇപ്പോഴത്തെ ആവശ്യം. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് 15ന് ജില്ലാ കമ്മിറ്റികള്‍ വിളിച്ചുകൂട്ടും. മാര്‍ച്ച് 6ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. പാര്‍ട്ടിയില്‍ പിളര്‍പ്പില്ല. പാര്‍ട്ടി സമ്പൂര്‍ണ സംസ്ഥാന കമ്മിറ്റി 21ന് ചേരും. ഈ യോഗത്തില്‍ ജോണി നെല്ലൂര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും അനൂപ് ജേക്കബ് കൂട്ടിച്ചേര്‍ത്തു. ജോണി നെല്ലൂരിനെ അനുകൂലിക്കുന്ന ജില്ലാ നേതാക്കള്‍ ജോസഫ് ഗ്രൂപ്പുമായി ലയനം വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അനൂപിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് യോഗം ചേര്‍ന്നത്.

എന്നാല്‍, അനൂപ് ജേക്കബിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും ജേക്കബ് ഗ്രൂപ്പുമായി ലയനത്തെക്കുറിച്ച് ഉന്നതാധികാര സമിതിയില്‍ ചര്‍ച്ച ചെയ്തതായും പി ജെ ജോസഫ് പ്രതികരിച്ചു. ആശയപരമായി ഒരുമിച്ചുനില്‍ക്കുന്നവര്‍ ഒന്നിക്കണം. ലയനകാര്യം അവരുടെ പാര്‍ട്ടി ചര്‍ച്ച ചെയ്യണമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് ലയനവുമായി മുന്നോട്ടുപോവുമെന്ന് ജോണി നെല്ലൂരും പറഞ്ഞിരുന്നു. ജോസഫുമായി ചര്‍ച്ച തുടങ്ങിവച്ച അനൂപ് പിന്നോട്ടുപോയതെന്തിനാണെന്നറിയില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. ലയനചര്‍ച്ചകളുടെ പേരില്‍ പിളര്‍പ്പ് ആസന്നമായ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ ജോണി നെല്ലൂര്‍ അനൂപ് ജേക്കബ് വിഭാഗങ്ങള്‍ അണികളെ സ്വന്തം ചേരിക്കൊപ്പം പിടിച്ചുനിര്‍ത്താനുള്ള തത്രപ്പാടിലാണ്.

ഇതിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ കമ്മിറ്റി അംഗങ്ങളെ ഇരു വിഭാഗങ്ങളും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ലയനചര്‍ച്ചയുമായി ആദ്യം മുന്നിട്ടിറങ്ങിയത് അനൂപ് ജേക്കബാണെന്നാണ് ജോണി നെല്ലൂര്‍ വിഭാഗത്തിന്റെ ആരോപണം. കുട്ടനാട് സീറ്റ് താന്‍പോലും ആവശ്യപ്പെടാതെ തനിക്കായി പി ജെ ജോസഫിനോട് ആവശ്യപ്പെട്ടത് രാഷ്ട്രീയമാന്യതയ്ക്ക് യോജിച്ചതല്ലെന്നാണ് ജോണി നെല്ലൂരിന്റെ നിലപാട്. അതിലൂടെ നടത്തിയ തന്ത്രങ്ങള്‍ പൊളിഞ്ഞതോടെയാണ് അനൂപ് ലയന ചര്‍ച്ചയില്‍നിന്ന് പിന്‍മാറിയതെന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടിയെ തകര്‍ത്ത് വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമമാണ് ജോണി നെല്ലൂരും കൂട്ടരും നടത്തുന്നതെന്ന് അനൂപ് വിഭാഗവും ആരോപിക്കുന്നു.  

Tags:    

Similar News