'ബലമായി പിടിച്ചുകൊണ്ടുപോയി, ചോദിച്ചത് സ്വപ്‌നയുടെ മൊഴിയെക്കുറിച്ച്: സരിത്ത്

മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് തന്നെ പിടിച്ചുകൊണ്ടുപോയത്. സ്വപ്‌ന ഇന്നലെ നല്‍കിയ മൊഴി ആര് നിര്‍ബന്ധിച്ചിട്ടാണ് കൊടുത്തതെന്നാണ് വിജിലന്‍സ് സംഘം ചോദിച്ചതെന്നും സരിത് മാധ്യമങ്ങളോട് പറഞ്ഞു.

Update: 2022-06-08 11:54 GMT

പാലക്കാട്: സ്വപ്‌ന സുരേഷിന്റെ ഫ്‌ലാറ്റില്‍ നിന്നും തന്നെ വിജിലന്‍സ് സംഘം ബലമായി പിടിച്ചു കൊണ്ടുപോകുകയായിരുന്നുവെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി പി എസ് സരിത്. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് തന്നെ പിടിച്ചുകൊണ്ടുപോയത്. സ്വപ്‌ന ഇന്നലെ നല്‍കിയ മൊഴി ആര് നിര്‍ബന്ധിച്ചിട്ടാണ് കൊടുത്തതെന്നാണ് വിജിലന്‍സ് സംഘം ചോദിച്ചതെന്നും സരിത് മാധ്യമങ്ങളോട് പറഞ്ഞു.

വീട്ടില്‍ നില്‍ക്കുമ്പോള്‍ മൂന്ന് പേര്‍ വന്നു ബെല്ലടിച്ചു. തുടര്‍ന്ന് വിജിലന്‍സ് സംഘം തന്നെ പിടിച്ചു കൊണ്ടുപോകുകയായിരുന്നു. ചെരിപ്പിടാന്‍ പോലും അനുവദിച്ചില്ല. ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. പോലിസാണോ ഗുണ്ടകളാണോ തന്നെ പിടിച്ചുകൊണ്ടുപോകുന്നത് എന്ന് പോലും മനസിലായില്ല. വിജിലന്‍സ് ഓഫിസില്‍ എത്തിയപ്പോഴാണ് ആരാണ് പിടിച്ചുകൊണ്ടുപോയതെന്ന് മനസിലായത്. തന്റെ ഫോണ്‍ പിടിച്ചെടുത്തതായും സരിത് മാധ്യമങ്ങളോട് പറഞ്ഞു.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ കസ്റ്റഡിയിലെടുക്കുന്നു എന്ന് പറഞ്ഞാണ് പിടിച്ചുകൊണ്ടുപോയത്. എന്നാല്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഒന്നും ചോദിച്ചില്ല. സ്വപ്‌ന ഇന്നലെ നല്‍കിയ മൊഴിയെ കുറിച്ചാണ് ചോദിച്ചത്. ആര് നിര്‍ബന്ധിച്ചിട്ടാണ് മൊഴി നല്‍കിയത് എന്ന് മാത്രമാണ് ചോദിച്ചത്. തുടര്‍ന്ന് 16ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അവര്‍ നോട്ടിസ് നല്‍കി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സരിത് പറഞ്ഞു.

Tags:    

Similar News