സിഎഎ വിരുദ്ധ സമരം; സംസ്ഥാനത്ത് വീണ്ടും കേസെടുത്തു

Update: 2024-03-13 05:44 GMT

തിരുവനന്തപുരം: സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ വീണ്ടും കേസെടുത്ത് സംസ്ഥാന സര്‍ക്കാര്‍. ഇന്നലെ രാജ്ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം അടക്കം 62 പേര്‍ക്കെതിരെയാണ് കേസ്. അതേസമയം കെപിസിസിയുടെ നേതൃത്വത്തില്‍ ഇന്നും രാജ്ഭവന് മുന്നില്‍ പ്രതിഷേധം നടക്കും.

രാജ്യത്തിനു അംഗീകരിക്കാന്‍ കഴിയാത്ത കരിനിയമമാണ് പൗരത്വ നിയമമെന്നാണ് വിടി ബല്‍റാം പ്രതിഷേദത്തില്‍ പറഞ്ഞത്. 'തിരഞ്ഞെടുപ്പിന്റെ പടിവാതിക്കല്‍ വച്ചു മോദി സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. രാജ്യത്തെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചാല്‍ മാത്രമേ നരേന്ദ്ര മോദിക്ക് അധികാരത്തില്‍ വരാന്‍ കഴിയുകയുള്ളു എന്ന ബോധമാണ് ഇതൊക്കെ ചെയ്യാന്‍ പ്രരിപ്പിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ പൗരത്വത്തിന് മതം ഒരു കാരണമായി മാറുന്നതെന്നും' ബല്‍റാം പറഞ്ഞു. ഇന്നലെ രാജ്ഭവന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചിരുന്നു.

ഇന്നലെ എസ്ഡിപിഐ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചിനെതിരെയും പോലിസ് കേസെടുത്തു. പൗരത്വ നിയമ ഭേദഗതി പ്രബല്യത്തിലാക്കിയതിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. പ്രതിഷേധങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.





Tags:    

Similar News