പൗരത്വ ഭേദഗതി നിയമം; ഇന്ത്യന്‍ പൗരന്മാരെ പലതട്ടുകളാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി എതിര്‍ക്കപ്പെടണം: പിണറായി വിജയന്‍

Update: 2024-03-12 17:43 GMT
പൗരത്വ ഭേദഗതി നിയമം; ഇന്ത്യന്‍ പൗരന്മാരെ പലതട്ടുകളാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി എതിര്‍ക്കപ്പെടണം: പിണറായി വിജയന്‍
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുന്‍പാണ് ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇത് ജനങ്ങളെ വിഭജിക്കാനും വര്‍ഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റില്‍ പറത്താനുമുള്ളതാണ്. തുല്യ അവകാശങ്ങളുള്ള ഇന്ത്യന്‍ പൗരന്മാരെ പലതട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിര്‍ക്കപ്പെടണമെന്ന് മുഖ്യമന്ത്രി പ്രസ്തവാനയില്‍ ആവശ്യപ്പെട്ടു.

സംഘപരിവാറിന്റെ ഹിന്ദുത്വ വര്‍ഗ്ഗീയ അജണ്ടയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്‌ലിം ഇതര മത വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പൗരത്വം നല്‍കുകയും ഇസ്‌ലാം മതവിശ്വാസികള്‍ക്കു മാത്രം പൗരത്വം നിഷേധിക്കുകായും ചെയ്യുന്നത് ഭരണഘടനയുടെ നഗ്‌നമായ ലംഘനമാണ്. മതാടിസ്ഥാനത്തില്‍ ഇന്ത്യന്‍ പൗരത്വത്തെ നിര്‍വ്വചിക്കുകയാണ്. ഇത് മാനവികതയോടും രാജ്യത്തിന്റെ പാരമ്പര്യത്തോടും ജനങ്ങളോടുമുള്ള തുറന്ന വെല്ലുവിളിയാണ്.

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിന്റേതാണ്. സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച സര്‍ക്കാരാണ് കേരളത്തിലേത്. സിഎഎയിലെ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സ്യൂട്ട് ഫയല്‍ ചെയ്യുകയും മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ദേശീയപാതയില്‍ മനുഷ്യ ചങ്ങല തീര്‍ക്കുകയും ചെയ്തു. ജനകീയ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും കണക്കികെടുക്കാതെ വര്‍ഗീയ അജണ്ട നടപ്പാക്കും എന്ന വാശിയാണ് സംഘപരിവാര്‍ കാണിക്കുന്നത്.

മുസ്‌ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്‍മാരായി കണക്കാക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ല എന്ന് പലവട്ടം സര്‍ക്കാര്‍ ആവര്‍ത്തിച്ചതാണ്. അതാണ് ഇപ്പോഴും അടിവരയിട്ടു പറയാനുള്ളത്. ഈ വര്‍ഗ്ഗീയ വിഭജന നിയമത്തെ എതിര്‍ക്കുന്ന കാര്യത്തില്‍ കേരളമാകെ ഒന്നിച്ച് നില്‍ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണം

രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് പൗരത്വഭേദഗതി നിയമമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഇത് നടപ്പിലാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്താകമാനം ഉയര്‍ന്നുവന്നതാണ്. കേരളത്തില്‍ ഇത് നടപ്പിലാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുള്ളതാണ്. യാതൊരുകാരണവശാലും അതുകൊണ്ട് തന്നെ കേരളത്തില്‍ ഈ നിയമം നടപ്പിലാക്കപ്പെടുകയില്ല.

ഇലക്ട്രല്‍ ബോണ്ട് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുന്ന തരത്തിലുള്ള വിധി സുപ്രിംകോടതിയില്‍ നിന്ന് വന്ന ദിവസമാണ് ഇത്തരമൊരു വിജ്ഞാപനം വന്നത് എന്നത് യാദൃശ്ചികമല്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വിജയം നേടാനാകുമോയെന്ന പരിശ്രമത്തിന്റെ ഫലമാണ് പൗരത്വഭേദഗതി നിയമത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. മതനിരപേക്ഷ രാഷ്ട്രം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ജനവിഭാഗങ്ങളുമായി ചേര്‍ന്നുകൊണ്ട് ശക്തമായ ചെറുത്തുനില്‍പ്പ് ഉയര്‍ത്തും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പൗരത്വ ചട്ട പ്രഖ്യാപനം ജനാധിപത്യത്തിനെതിരായിട്ടുള്ള യുദ്ധ പ്രഖ്യാപനം: സി.പി.ഐ (എം.എല്‍) റെഡ് സ്റ്റാര്‍

ജനാധിപത്യവും മതേതരത്വവും നോക്കുകുത്തിയാക്കി മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്ന പൗരത്വനിയമചട്ടങ്ങള്‍ നിലവില്‍ വന്നതായുള്ള വിജ്ഞാപനത്തില്‍ സി പി ഐ (എം എല്‍) റെഡ് സ്റ്റാര്‍ സംസ്ഥാന കമ്മറ്റി ഉല്‍കണ്ഠ രേഖപ്പെടുത്തുകയും അത്യപകടകരമായ ഈ നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം എന്നാവശ്യപ്പെടുകയും ചെയ്യുന്നു. ലോക സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനവേളയിലുള്ള പൗരത്വ ചട്ട പ്രഖ്യാപനം ജനാധിപത്യത്തിനെതിരായിട്ടുള്ള യുദ്ധ പ്രഖ്യാപനമാണ്. ചട്ടങ്ങള്‍ നിലവില്‍ വന്നതായുള്ള വിജ്ഞാപനത്തിനു പിന്നാലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന പോര്‍ട്ടലും മൊബൈല്‍ ആപ്പും ഡല്‍ഹിയിലെ പോലിസ് അര്‍ദ്ധ സൈനീക ഫ്‌ലാഗ് മാര്‍ച്ചും വെളിപ്പെടുത്തുന്നത് രാജ്യത്തിനും ജനങ്ങള്‍ക്കുമെതിരായിട്ടുള്ള ഫാസിസ്റ്റുകളുടെ ഗൂഢാലോചനയാണ്. 2019 ല്‍ പൗരത്വനിയമം പാസ്സാക്കിയതിനെതിരെ നടന്ന പ്രതിഷേധങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ പോലിസും ആര്‍ എസ്് എസ് ഗുണ്ടകളും അഴിച്ചു വിട്ട ആക്രമണങ്ങളെയാണ് ഇതെല്ലാം ഓര്‍മ്മപ്പെടുത്തുന്നത്.

ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച സുപ്രിം കോടതി വിധിയും അന്ത്യശാസനങ്ങളും നിലനില്‍ക്കെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനിശ്ചിതത്വം തുടരവെ നീതിപൂര്‍വ്വമായ തിരഞ്ഞെടുപ്പ് അസാദ്ധ്യമാക്കുന്ന നടപടിയായി മാത്രമെ പൗരത്വ നിയമ ചട്ടങ്ങള്‍ നിലവില്‍ വന്നതും നടപ്പാക്കാനാരംഭിച്ചതും കാണാനാവൂ. പിന്നിട്ട പതിറ്റാണ്ടില്‍ ഭരണകൂട സ്ഥാപനങ്ങള്‍ ഒന്നൊന്നായി വര്‍ഗ്ഗീയവല്‍കരിച്ച മോദി ഭരണം ആത്യന്തികമായി മതരാഷ്ട്ര പ്രഖ്യാപനത്തിലേക്ക് നീങ്ങുതായിട്ടാണ് കാണുന്നത്. പൗരാവകാശങ്ങള്‍ ഒന്നൊന്നായി റദ്ദു ചെയ്തു കൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നടത്തിയ പ്രാണപ്രതിഷ്ഠയും ജനാധിപത്യത്തിന്റെ പ്രാണഹത്യയായിരുന്നു.

ഓരോ പൗരനും ഓരോ പ്രസ്ഥാനവും ആലസ്യം വെടിഞ്ഞ് ഞടട നവ ഫാസിസത്തിനെതിരെ ഒറ്റക്കെട്ടായി ജനാധിപത്യവും മതേതരത്വവും റിപ്പബ്ലിക്കും വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ ഒന്നിക്കണമെന്ന് സംസ്ഥാന കമ്മറ്റി ആവശ്യപ്പെടുന്നു.










Tags:    

Similar News