സി.എ.എയ്ക്ക് കീഴില്‍ പൗരത്വം നല്‍കാന്‍ സംസ്ഥാനതല സമിതി രൂപീകരിച്ച് ത്രിപുര സര്‍ക്കാര്‍
അഗര്‍ത്തല: സംസ്ഥാനത്ത് പൗരത്വ നിയമം നടപ്പാക്കാനൊരുങ്ങി ത്രിപുര സര്‍ക്കാര്‍. സി.എ.എയ്ക്ക് കിഴില്‍ പൗരത്വം നല്‍കുന്നതിനായി ത്രിപുര സര്‍ക്കാര്‍ സംസ്ഥാനതല സമിതിക്ക് രൂപം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ത്രിപുര സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റിയിലേക്കും ജില്ലാതല കമ്മിറ്റിയിലേക്കും ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
സംസ്ഥാനത്തെ എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകളോടും ഒരു ത്രിപുര സിവില്‍ സര്‍വീസ് (ടി.സി.എസ്) ഉദ്യോഗസ്ഥനെ ജില്ലാതല കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ അറിയിപ്പുണ്ട്. സെന്‍സസ് ഓപ്പറേഷന്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ആര്‍. റിയാങ് ഐ.എ.എസാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
'ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പ്രകാരം സി.എ.എയുടെ കീഴില്‍ ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റി രൂപീകരിച്ചു,' ആര്‍. റിയാങ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി ജില്ലാതല എംപവേര്‍ഡ് കമ്മിറ്റികള്‍ രൂപീകരിക്കാനും അത് സംസ്ഥാനതല എംപവേര്‍ഡ് പാനലിന് കൈമാറുന്നതിന് മുമ്പ് സൂക്ഷ്മപരിശോധന നടത്താനും സംസ്ഥാനത്തെ എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആര്‍. റിയാങ് പറഞ്ഞു.
ആറാം ഷെഡ്യൂള്‍ ഏരിയകളുടെ (ട്രൈബല്‍ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍) ഭാഗമായി വരുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഈ നിയമപ്രകാരം പൗരത്വത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ലെന്നും ആര്‍. റിയാങ് പറഞ്ഞു.മതപരമായ പീഡനം മൂലം നിയമപ്രകാരമുള്ള മൂന്ന് രാജ്യങ്ങളില്‍ നിന്ന് അഭയം തേടി അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികള്‍, നഗര്‍ പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് പൗരത്വം നല്‍കുക. ഇവര്‍ അനുബന്ധ രേഖകളുമായി പൗരത്വത്തിന് അപേക്ഷിക്കണമെന്നും ആര്‍. റിയാങ് പറഞ്ഞു.
ബന്ധപ്പെട്ട വ്യക്തികള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ സെന്‍സസ് ഓപ്പറേഷന്‍സ് ഡയറക്ടറേറ്റ് സി.എ.എയെ കുറിച്ച് സംസ്ഥാനവ്യാപകമായി ബോധവല്‍ക്കരണ പരിപാടി നടത്തുമെന്നും ആര്‍. റിയാങ് കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ദിവസം പൗരത്വ നിയമപ്രകാരം 14പേര്‍ക്ക് കേന്ദ്ര സര്‍ക്കര്‍ പൗരത്വം നല്‍കിയിരുന്നു. ആദ്യമായി അപേക്ഷിച്ചവര്‍ക്കാണ് പൗരത്വം നല്‍കിയതെന്നാണ് ആഭ്യന്തര മന്ത്രാലയം പറഞ്ഞത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് അപേക്ഷകര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയത്.ദല്‍ഹിയില്‍ നിന്നുള്ള 14 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.