പൗരത്വ പ്രക്ഷോഭം: ചെന്നൈയില്‍ ഇന്ന് മഹാറാലി, കേരളത്തില്‍നിന്നുള്ള ലീഗ് എംഎല്‍എമാര്‍ മംഗളൂരുവിലേക്ക്
എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, എം സി ഖമറുദ്ദീന്‍, പി കെ ബഷീര്‍, എന്‍ ഷംസുദ്ദീന്‍ എന്നിവരാണ് സംഘത്തിലുള്ളത്. പൗരത്വഭേതഗതി നിയമത്തിനെതിരേ പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലിസ് വെടിവയ്പുണ്ടായ പ്രദേശങ്ങളും ഇവര്‍ സന്ദര്‍ശിക്കും.
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയില്‍ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലി നടക്കും. ഡിഎംകെയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പങ്കെടുക്കുന്ന റാലിയാണിത്. ജനാധിപത്യരാജ്യത്ത് സമാധാനപരമായി പ്രതിഷേധം നടത്താന്‍ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധ റാലിക്ക് മദ്രാസ് ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കിയിരുന്നു. പോലിസ് അനുമതി ലഭിക്കാത്ത ഒരു റാലിക്കാണ് പ്രതിപക്ഷം ഒരുങ്ങുന്നതെന്നും ഇത്തരമൊരു റാലി സംഘര്‍ഷത്തിലേക്ക് വഴിവയ്ക്കുമെന്നും ആരോപിച്ച് ഇന്ത്യന്‍ മക്കള്‍കക്ഷി നല്‍കിയ ഹരജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. റാലി മുഴുവന്‍ വീഡിയോയില്‍ ചിത്രീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ചെന്നൈയില്‍ നടക്കുന്ന പ്രതിഷേധത്തിന് നടന്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവും പിന്തുണ അറിയിച്ചിട്ടുണ്ട്.
അതേസമയം, കേരളത്തില്‍നിന്നുള്ള മുസ്‌ലിം ലീഗ് എംഎല്‍എമാര്‍ ഇന്ന് മംഗളൂരു സന്ദര്‍ശിക്കും. എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, എം സി ഖമറുദ്ദീന്‍, പി കെ ബഷീര്‍, എന്‍ ഷംസുദ്ദീന്‍ എന്നിവരാണ് സംഘത്തിലുള്ളത്. പൗരത്വഭേതഗതി നിയമത്തിനെതിരേ പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലിസ് വെടിവയ്പുണ്ടായ പ്രദേശങ്ങളും ഇവര്‍ സന്ദര്‍ശിക്കും. വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും ബന്ധുക്കളെയും നേരില്‍ കാണാനും ശ്രമിക്കും. മംഗളൂരു നഗരത്തില്‍ കര്‍ഫ്യൂ പിന്‍വലിച്ചെങ്കിലും നിരോധനാഞ്ജ ഇന്നും തുടരും. ഈ സാഹചര്യത്തില്‍ കേരള എംഎല്‍എമാരെ കര്‍ണാടക പോലിസ് തടഞ്ഞ് തിരിച്ചയക്കാനാണ് സാധ്യത. മംഗളൂരു സന്ദര്‍ശിക്കാനുള്ള യുഡിഎഫ് ജനപ്രതിനിധി സംഘത്തിന്റെ തീരുമാനം മാറ്റിവച്ചിരുന്നു.
രാജ്ഘട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെ നേതൃത്വത്തില്‍ സമരം നടക്കുമ്പോള്‍ ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്നാണ് സന്ദര്‍ശനം മാറ്റിവച്ചത്. എംപിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ സുധാകരന്‍, എംഎല്‍എമാരായ എം സി ഖമറുദ്ദീന്‍, എന്‍ എ നെല്ലിക്കുന്ന്, പാറക്കല്‍ അബ്ദുല്ല, ഷംസുദ്ദീന്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് മംഗളൂരു സന്ദര്‍ശിക്കാനിരുന്നത്. ഹൈക്കമാന്‍ഡ് നിര്‍ദേശമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്‍മാറിയതോടെ ലീഗ് എംഎല്‍എമാര്‍ മാത്രം മംഗളൂരു സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിനിടെ, നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ഇന്ന് രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങ് വിദ്യാര്‍ഥികള്‍ ബഹിഷ്‌കരിക്കും.