സകുടുംബം സ്ത്രീധനത്തിനെതിരേ; വനിതാ കമ്മിഷന്റെ രണ്ടാം ഘട്ട സ്ത്രീധനവിരുദ്ധ കാംപയ്ന്‍ ഈമാസം 15ന് തുടങ്ങും

Update: 2021-08-07 11:49 GMT

തിരുവനന്തപുരം: സ്ത്രീധനത്തിനെതിരേ കേരളത്തിലെ കുടുംബങ്ങളോടൊത്ത് വനിതാ കമ്മിഷന്‍ അണിനിരക്കുന്നു. സകുടുംബം സ്ത്രീധനത്തിനെതിരേ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഘട്ട കാംപയ്ന്‍ ഈ മാസം 15ന് ആരംഭിക്കും. നാല് മാസം നീളുന്ന ഓണ്‍ലൈന്‍ കാംപയ്ന്‍ സ്ത്രീധനവിരുദ്ധ ദിനമായ നവംബര്‍ 26ന് സമാപിക്കും.

കുടുംബാംഗങ്ങള്‍ ഒന്നിച്ച് ഓണ്‍ലൈനായി പങ്കെടുത്ത് സ്ത്രീധനവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും തുടര്‍ന്ന് സ്ത്രീധന നിരോധന നിയമത്തെക്കുറിച്ചുള്ള ക്ലാസ്സില്‍ പങ്കാളികളാകുകയും സ്ത്രീധന നിരോധനവുമായി ബന്ധപ്പെട്ട അവരുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നതരത്തിലാണ് കാംപയ്ന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ ജില്ലയിലും പരമാവധി കുടുംബങ്ങളെ പങ്കെടുപ്പിച്ചായിരിക്കും കാംപയ്ന്‍ സംഘടിപ്പിക്കുക. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, കലാകായിക താരങ്ങള്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടവ്യക്തികളും കാംപെയ്‌ന്റെ ഭാഗമാകും.

കാംപയ്ന്‍ ലോഗോയുടെ പ്രകാശനം വനിതാ കമ്മിഷന്‍ ആസ്ഥാനത്ത് കമ്മിഷന്‍ അംഗങ്ങളായ അഡ്വ.എംഎസ് താര, അഡ്വ.ഷിജി ശിവജി, ഇഎം രാധ, ഷാഹിദ കമാല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി പി ഉഷാറാണി, ഡയറക്ടര്‍ വിയു കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഒന്നാം ഘട്ടത്തില്‍ എന്‍ഡ് ഡൗറി എന്ന പേരില്‍ പത്രദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും നടത്തിയ പ്രചാരണം ശ്രദ്ധേയമായിരുന്നു.



Tags:    

Similar News