പത്തനംതിട്ട പീഡനം: ഇതുവരെ അറസ്റ്റിലായത് 20 പേര്‍; മൂന്നു പേര്‍ കൂടി കസ്റ്റഡിയില്‍, രണ്ടു കാറുകള്‍ പിടിച്ചെടുത്തു
പത്തനംതിട്ട: കായികതാരം കൂടിയായ ദലിത് പെണ്‍കുട്ടിയെ നിരവധി പേര്‍ പീഡിപ്പിച്ച സംഭവങ്ങളില്‍ മൂന്നു പേരെ കൂടി പോലിസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി പമ്പയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. കേസില്‍ ഇതുവരെ 20 പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മൊത്തം എട്ടും കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുകളുണ്ടാവും.
വിവിധ കേസുകളിലായി പോലിസ് അറസ്റ്റ് ചെയ്തവരില്‍ പ്ലസ്ടു വിദ്യാര്‍ഥിയും നവംബറില്‍ വിവാഹിതനായയാളും ഇന്ന് വിവാഹനിശ്ചയം നടക്കാന്‍ ഇരുന്നയാളും അടുത്തയാഴ്ച വിവാഹനിശ്ചയം തീരുമാനിക്കപ്പെട്ടയാളും സഹോദരങ്ങളും ഉള്‍പ്പെടുന്നു. പിടിയിലായവരില്‍ മൂന്നുപേര്‍ ഓട്ടോറിക്ഷ തൊഴിലാളികളാണ്.
പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിക്കുകയും അറുപതോളം പേര്‍ക്ക് പീഡിപ്പിക്കാന്‍ വഴിയൊരുക്കുകയും ചെയ്തത് കേസില്‍ ആദ്യം അറസ്റ്റിലായ പ്രക്കാനം വലിയവട്ടം പുതുവല്‍ തുണ്ടിയില്‍ വീട്ടിന്‍ സുബിനാണ്. പെണ്‍കുട്ടിയുടെ 13ാം വയസ്സുമുതല്‍ ചങ്ങാത്തം കൂടിയ ഇയാള്‍ മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുനല്‍കുകയും കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് കുട്ടിക്ക് 16 വയസ്സുള്ളപ്പോഴാണ് അച്ചന്‍കോട്ടുമലയിലെ റബര്‍തോട്ടത്തിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തത്. ഈ ദൃശ്യങ്ങളാണ് മറ്റു പ്രതികള്‍ കുട്ടിയെ ഭീഷണിപ്പെടുത്താനും പീഡിപ്പിക്കാനും ഉപയോഗിച്ചു കൊണ്ടിരുന്നത്. സുബിന്റെ കൂട്ടുകാര്‍ സംഘം ചേര്‍ന്ന് കുട്ടിയെ അച്ചന്‍കോട്ടുമലയിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നും മൊഴിയില്‍ പറയുന്നു.
വിവിധ കേസുകളിലായി വി കെ വിനീത് (30), കെ അനന്ദു (21), എസ് സന്ദീപ് (30), ശ്രീനി എന്ന എസ് സുധി (24) അച്ചു ആനന്ദ് (21) ഷംനാദ് (20), നിധിന്‍ പ്രസാദ് (21), അഭിനവ് (18), കാര്‍ത്തിക് (18), അഫ്‌സല്‍ (21), സഹോദരന്‍ ആഷിക്ക് (19), ഒരു പതിനേഴുകാരന്‍, കണ്ണപ്പന്‍ എന്ന സുധീഷ് (27), നിഷാദ് എന്ന അപ്പു (31) തുടങ്ങി 20 പേരാണ് അറസ്റ്റിലായിരിക്കുന്നത്.
പത്തനംതിട്ട പോലിസ് സ്‌റ്റേഷനില്‍ 2022ല്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിലെ മൂന്നാം പ്രതിയാണ് സുധീഷ്. പത്തനംതിട്ട, കോന്നി പോലിസ് സ്‌റ്റേഷനുകളില്‍ 2014ല്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് അപ്പു. അഫ്‌സല്‍ പത്തനംതിട്ട പൊലീസ് സ്‌റ്റേഷനില്‍ മന:പൂര്‍വമല്ലാത്ത നരഹത്യാശ്രമത്തിനെടുത്ത രണ്ട് കേസുകളില്‍ പ്രതിയാണ്. അഫ്‌സല്‍ പ്രതിയായ ഒരു കേസില്‍ കൂട്ടുപ്രതിയാണ് ആഷിക്ക്.
പെണ്‍കുട്ടിയെ ഇലവുന്തിട്ടയിലെ പ്രതികള്‍ പീഡിപ്പിച്ച രണ്ടു മാരുതി 800 കാറുകള്‍ പോലിസ് ഇതിനകം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്നും ഇലവുംതിട്ടയില്‍ നിന്നുമാണ് വാഹനം കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കാറില്‍ വച്ച് പീഡനം നടന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.
പത്തനംതിട്ട സ്വകാര്യ ബസ്സ്റ്റാന്‍ഡ് കേന്ദ്രമാക്കിയ സാമൂഹികവിരുദ്ധര്‍ പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്യാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തതായും പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ലഹരിവസ്തുക്കളുടെ വിപണനകേന്ദ്രംകൂടിയായ ഇവിടെ കാര്യമായ പോലീസ് നിരീക്ഷണമോ ക്യാമറകളോ ഇല്ല. പെണ്‍കുട്ടിയെ വിളിച്ചുവരുത്തി പലര്‍ക്കും പരിചയപ്പെടുത്തിക്കൊടുത്തിരുന്നത് ഇവിടെവെച്ചായിരുന്നു. സ്റ്റാന്‍ഡില്‍നിന്ന് വാഹനങ്ങളില്‍ പലസ്ഥലത്തേക്കും പെണ്‍കുട്ടിയെ പലസ്ഥലത്തേക്കും കൊണ്ടുപോയിരുന്നു.പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, കോന്നി, ആറന്മുള എന്നീ പോലിസ് സ്‌റ്റേഷന്‍ പരിധികളിലേക്ക് കേസ് വ്യാപിക്കുമെന്നാണ് സൂചന.