ആശങ്ക ഒഴിഞ്ഞു; ജലസംഭരണികളില്‍ സുരക്ഷിതമായ ജലനിരപ്പെന്ന് അധികൃതര്‍

ഇടമലയാറില്‍ ജലനിരപ്പ് ബ്ലൂ അലര്‍ട്ടിനും താഴെയെത്തി.ഒരാഴ്ച തീവ്രമഴ പെയ്താലും പെരിയാര്‍ കരകവിയുമെന്ന ആശങ്ക വേണ്ടെന്നും ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു.

Update: 2021-10-21 10:47 GMT

കൊച്ചി: ജലസംഭരണികളില്‍ സുരക്ഷിത ജലനിരപ്പായെന്ന് അധികൃതര്‍. ഇടമലയാറില്‍ ജലനിരപ്പ് ബ്ലൂ അലര്‍ട്ടിനും താഴെയെത്തി. ഇനി ഒരാഴ്ച തീവ്രമഴ പെയ്താലും പെരിയാര്‍ കരകവിയുമെന്ന ആശങ്ക വേണ്ടെന്നും ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ ഇടമലയാര്‍ ഡാമും ഇടുക്കി ഡാമും ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പുറത്തേക്കൊഴുക്കിയപ്പോള്‍ പെരിയാര്‍ കരകവിഞ്ഞൊഴുകാതിരിക്കാനുള്ള ദൗത്യം ജലസേചന വകുപ്പ് ഏറ്റെടുത്തിരുന്നു. ചെറുതോണി മുതല്‍ വടുതല , പറവൂര്‍ വരെ നിരീക്ഷണം നടത്തി ഓരോ മണിക്കൂറിലും ജലനിരപ്പ് സംബന്ധിച്ച് വകുപ്പിന്റെ നേതൃത്വത്തില്‍ പുറത്തു വിട്ടിരുന്നു. മഴ കുറഞ്ഞു നിന്നതും കൃത്യമായ ആസൂത്രണവുമാണ് പെരിയാര്‍ കരകവിയാതിരിക്കാനുള്ള കാരണങ്ങളെന്ന് ജലസേചന വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ആര്‍ ബാജി ചന്ദ്രന്‍ പറഞ്ഞു.

പുഴയിലേക്കൊഴുക്കിയ വെള്ളത്തിന്റെ അളവും കുറവായിരുന്നു. പുഴ കായലുമായി ചേരുന്ന ഭാഗങ്ങളിലെ തടസങ്ങള്‍ നീക്കി ഒഴുക്ക് കൂട്ടിയതും തുണയായി. ഇനി മഴ പെയ്താലും ഇടമലയാര്‍ ഡാമില്‍ സംഭരിക്കാനുള്ള ഇടമുണ്ട്. ഇടമലയാര്‍ ഡാമിലെ ഷട്ടറുകള്‍ താഴ്ത്തി പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കാം. അസാധാരണ അന്തരീക്ഷം വന്നാല്‍ മാത്രം ആശങ്കമതി. പെരിയാറില്‍ വെള്ളപ്പൊക്കമുണ്ടാകേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ബാജി പറഞ്ഞു. രണ്ട് ഡാമുകളിലെയും വെള്ളം ഒരുമിച്ച് പെരിയാറില്‍ എത്താതിരിക്കാനുള്ള നടപടികളാണ് വകുപ്പ് കൈ കൊണ്ടത്. ഇതിനായി ആദ്യം ഇടമലയാര്‍ ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തി.

ഇടമലയാറിലെ വെള്ളം കായലില്‍ എത്തിയതിനു ശേഷം മാത്രം ഇടുക്കിയിലെ വെള്ളം ഭൂതത്താന്‍കെട്ടില്‍ എത്താവൂ എന്നായിരുന്നു കണക്കു കൂട്ടല്‍. ഇടമലയാറിലെ വെള്ളം നാല് മണിക്കൂറിനുള്ളില്‍ ഭൂതത്താന്‍ കെട്ടിലെത്തിയപ്പോള്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നത് ഒരു സെന്റിമീറ്റര്‍ മാത്രമാണ്. പിന്നീട് ജലനിരപ്പില്‍ വ്യതിയാനം കാണിച്ചില്ല. വൈകീട്ട് ആറു മണിയോടെ വെള്ളം വേമ്പനാട്ടു കായലില്‍ ചേര്‍ന്നു. ഇടുക്കി ഡാമിലെ വെള്ളത്തിന്റെ വ്യതിയാനം മനസിലാക്കാന്‍ ചെറുതോണി മുതല്‍ ഓരോ പോയിന്റിലും ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു കൊണ്ടിരുന്നു. ഇത് പെരിയാര്‍ കായലിനോടു ചേരുന്ന വടുതല യിലും പറവൂരും വരെ നീണ്ടു. ഓരോ അര മണിക്കൂറും ഇടവിട്ടാണ് ജലനിരപ്പ് കണക്കാക്കിയത്.

ഇടുക്കി ഡാമിലെ വെള്ളം കരിമണല്‍ ഭാഗത്തെത്തിയപ്പോള്‍ 1.2 മീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നു. ഇടുക്കി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലായിരുന്നു ഇവിടെ നിരീക്ഷണം. ലോവര്‍ പെരിയാറില്‍ എത്തിയ വെള്ളം പവര്‍ ജനറേഷന്റെ അകത്തേക്ക് കൊണ്ടുവന്നതിനു ശേഷമാണ് പുറത്തേക്ക് വിട്ടത്. പിന്നീട് വെള്ളം നേര്യമംഗലം പാലത്തിലെത്തുമ്പോള്‍ 30 സെന്റി മീറ്റര്‍ മാത്രമാണ് ജലനിരപ്പുയര്‍ത്തിയത്. ഭൂതത്താന്‍കെട്ട് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ ഇവിടെ ജലനിരപ്പ് നിജപ്പെടുത്തി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ നേര്യമംഗലം പാലം കടന്നു വെള്ളം പടിഞ്ഞാറോട്ടൊഴുകി. വൈകീട്ട് 7.40 നാണ് വെള്ളം ഭൂതത്താന്‍ കെട്ടിലെത്തുന്നത്. അപ്പോള്‍ രേഖപ്പെടുത്തിയത് ജല നിരപ്പില്‍ 20 സെന്റിമീറ്റര്‍ വര്‍ധനവാണ്. നിലവില്‍ ഭൂതത്താന്‍ കെട്ടില്‍ നിന്നും 850 ക്യുമെക്‌സ് വെള്ളം പുറത്തേക്കു പോകുന്നുണ്ടായിരുന്നു. ഇടുക്കിയിലെ വെള്ളവും ചേര്‍ന്നപ്പോള്‍ 865 ക്യുമെക്‌സ് വെള്ളമായി ഉയര്‍ന്നു. ഇത് പെരിയാറിലെ ജല നിരപ്പില്‍ വ്യതിയാനമൊന്നും വരുത്തുന്നതായിരുന്നില്ല.ചലനങ്ങള്‍ സൃഷ്ടിക്കാതെ

രാത്രിയില്‍ വെള്ളം ആലുവയും കടന്നുപോയെന്നും അധികൃതര്‍ വ്യക്തമാക്കി.ഭൂതത്താന്‍ കെട്ട് മുതല്‍ കാലടി വരെ ഇടമലയാര്‍ ഇറിഗേഷന്‍ പ്രൊജക്ട് അങ്കമാലിയിലെ ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലും കാലടി മുതല്‍ ആലുവ വരെ പെരിയാര്‍ വാലി ഇറിഗേഷന്‍ വകുപ്പ് ആലുവ ഡിവിഷന്റെ ജീവനക്കാരുടെ നേതൃത്വത്തിലും വെള്ളത്തിന്റെ ഒഴുക്ക് നിരീക്ഷിച്ചു. ആലുവ മുതല്‍ വടുതല വരെ മേജര്‍ ഇറിഗേഷന്റെ നേതൃത്വത്തിലും ആലുവ മുതല്‍ പറവൂര്‍ വരെ മൈനര്‍ ഇറിഗേഷന്റെ നേതൃത്വത്തിലുമായിരുന്നു നിരീക്ഷണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags:    

Similar News