സൂര്യനാരായണന്റെ ഉള്ളില്‍ അരവിന്ദ് ഇനി സ്‌നേഹസൂര്യനായി ജ്വലിക്കും

കഴിഞ്ഞ മാസം 18 നാണ് കായംകുളം സ്വദേശി സൂര്യനാരായണന് (18) തിരുവനന്തപുരത്ത് നിന്ന് വ്യോമമാര്‍ഗ്ഗം എത്തിച്ച അരവിന്ദിന്റെ ഹൃദയം ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ വച്ച് പിടിപ്പിച്ചത്.

Update: 2021-04-07 14:30 GMT

കൊച്ചി: സൂര്യനാരായണന്റെ ഉള്ളില്‍ അരവിന്ദ് ഇനിയൊരു സ്‌നേഹസൂര്യനായി ജ്വലിക്കും. നഷ്ടപ്പെട്ടു എന്ന് കരുതിയ ജീവിതം വീണ്ടെടുത്ത്, അരവിന്ദിന്റെ കുടുംബത്തിന് നന്ദി പറഞ്ഞു സൂര്യനാരായണന്‍ എറണാകുളം ലിസി ആശുപത്രിയില്‍ നിന്നും യാത്രയായി. കഴിഞ്ഞ മാസം 18 നാണ് കായംകുളം സ്വദേശി സൂര്യനാരായണന് (18) തിരുവനന്തപുരത്ത് നിന്ന് വ്യോമമാര്‍ഗ്ഗം എത്തിച്ച അരവിന്ദിന്റെ ഹൃദയം ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ വച്ച് പിടിപ്പിച്ചത്.

ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപ്പതി എന്ന അസുഖമായിരുന്നു സൂര്യനാരായണന്. കേരളത്തിന് പുറത്തായിരുന്നു ആദ്യം ചികിത്സ തേടിയത്. അവിടെ നിന്ന് ഹൃദയം മാറ്റിവെയ്ക്കണമെന്ന് നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് ലിസി ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. സുര്യനാരായണനെ പരിശോധിച്ച ഡോ. ജോസ് ചാക്കോ പെരിയപ്പുറം രോഗത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉടന്‍ തന്നെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഈ ഹൃദയവുമായി ഏതാനും ദിവസങ്ങള്‍ മാത്രമേ സൂര്യന് ജീവന്‍ നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ എന്ന യാഥാര്‍ഥ്യം ഡോക്ടര്‍ മാതാപിതാക്കളെ അറിയിച്ചു. അങ്ങനെ ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തില്‍ രണ്ട് ദിനങ്ങള്‍.


തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ സൂര്യന് ചേരുന്ന ഹൃദയം ലഭ്യമാണെന്ന, കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗിലെ നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിന്റെ സന്ദേശം എത്തിയത് മൂന്നാം ദിനമാണ്. മസ്തിഷ്‌കമരണം സംഭവിച്ച അരവിന്ദിന്റെ ഹൃദയം അടക്കമുള്ള അവയവങ്ങളെല്ലാം ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സന്നദ്ധരാകുകയിരുന്നു. തമിഴ്നാട് കന്യാകുമാരി സ്വദേശി അരവിന്ദിന് (25) നാഗര്‍കോവിലില്‍ വച്ചാണ് അപകടം സംഭവിച്ചത്.വിദഗ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. എഞ്ചിനീയറിംഗ് ബിരുദധാരിയായ അരവിന്ദ് അവയവദാനം ഉള്‍പ്പടെയുള്ള പുരോഗമന ആശയങ്ങളുടെ വക്താവായിരുന്നു. അതാണ് ഇരട്ട സഹോദരന്‍ അടക്കമുള്ള ഉറ്റവരെ അവയവദാനത്തിന് പ്രേരിപ്പിച്ചത്.

പതിവ് പോലെ ദൂരം തന്നെയായിരുന്നു പ്രധാന പ്രശ്‌നം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്ക് എടുത്തിരിക്കുന്ന ഹെലികോപ്ടര്‍ വിട്ടുകിട്ടുമോ എന്ന ആശങ്കയോടെയാണ് ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടത്. എന്നാല്‍ കാര്യങ്ങള്‍ വളരെ വേഗം മുന്നോട്ട് നീങ്ങി. ഹെലികോപ്ടര്‍ വിട്ട് നല്‍കാമെന്ന് പോലീസ് ആസ്ഥാനത്ത് നിന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ഡോ. ജേക്കബ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള നാലംഗ മെഡിക്കല്‍ സംഘം രാവിലെ ലിസി ആശുപത്രിയില്‍ നിന്നും റോഡ് മാര്‍ഗ്ഗം കിംസ് ആശുപത്രിയിലേക്ക് യാത്ര തിരിച്ചു. ഉച്ചയോടെ കിംസിലെത്തിയ ഡോക്ടര്‍മാര്‍ 3.30 ന് അവയവങ്ങള്‍ എടുക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. 5.30 ന് ഹൃദയവുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്ടര്‍ 6.15 ന് ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിന്റെ ഹെലിപാഡില്‍ ഇറങ്ങി. അവിടെ നിന്ന് എറണാകുളം അസി. കമ്മീഷണര്‍ കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ ഗ്രീന്‍ കോറിഡോര്‍ സൃഷ്ടിച്ച് നാല് മിനിറ്റില്‍ താഴെ സമയം കൊണ്ട് ഹൃദയം ലിസി ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ ആരംഭിച്ചു.

നാല് മണിക്കൂറിനുള്ളില്‍ തന്നെ അരവിന്ദിന്റെ ഹൃദയം സൂര്യനാരായണനില്‍ സ്പന്ദിച്ച് തുടങ്ങി. രാത്രി 12 മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി സുര്യനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വളരെ വേഗം തന്നെ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയ സൂര്യന്റെ അവയവങ്ങള്‍ എല്ലാം തന്നെ വളരെ നന്നായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍, ജോ. ഡയറക്ടര്‍ ഫാ. റോജന്‍ നങ്ങേലിമാലില്‍, അസി. ഡയറക്ടര്‍മാരായ ഫാ. ഷനു മൂഞ്ഞേലി. ഫാ. ജോര്‍ജ്ജ് തേലക്കാട്ട്, ഫാ. ജോസഫ് മാക്കോതക്കാട്ട് എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രി ജീവനക്കാര്‍ ജീവനക്കാര്‍ മധുരം പങ്കുവച്ചാണ് സൂര്യനാരായണനെ യാത്രയാക്കിയത്.

തുടര്‍ചികിത്സയ്ക്കുള്ള സൗകര്യാര്‍ത്ഥം ആശുപത്രിക്ക് സമീപം വാടകയ്ക്ക് എടുത്തിരിക്കുന്ന വീട്ടിലേക്കാണ് സൂര്യന്‍ മാറിയിരിക്കുന്നത്.ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനോടൊപ്പം ഡോ. ജേക്കബ് എബ്രഹാം, ഡോ. റോണി മാത്യു, ഡോ. ഭാസ്‌ക്കര്‍ രംഗനാഥന്‍, ഡോ. ജോ ജോസഫ്, ഡോ. ജീവേഷ് തോമസ്, ഡോ. പി. മുരുകന്‍, ഡോ. ജോബ് വില്‍സണ്‍, ഡോ. ഗ്രേസ് മരിയ ജോര്‍ജ്ജ്, ഡോ. ആന്റണി ജോര്‍ജ്ജ്, ഡോ. അതുല്‍ എബ്രഹാം എന്നിവര്‍ ശസ്ത്രക്രിയയിലും തുടര്‍ചികിത്സയിലും പങ്കാളികളായിരുന്നു. സൂര്യനാരായണന്റേത് ലിസി ആശുപത്രിയില്‍ നടന്ന ഇരുപത്തിയാറാമത് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആയിരുന്നു.

Tags:    

Similar News