സ്ഥാനാര്‍ഥിത്വം: മുഖ്യ പരിഗണന ജയ സാധ്യത;തീരുമാനത്തിന് മുമ്പ് ആരും സ്വയം പ്രചരണം നടത്തേണ്ടെന്ന് രമേശ് ചെന്നിത്തല

സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് രൂപമായിവരുന്നതേയുള്ളു.ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന് പാര്‍ടിയാണ് തീരുമാനിക്കുന്നത്.ഒരോ നിയോജക മണ്ഡലത്തിലും അനുയോജ്യരായ ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെയാണ് നോക്കുന്നത്. സിനിമാ താരങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ അതും പരിഗണിക്കും

Update: 2021-02-12 06:08 GMT

കൊച്ചി: നിയമസഭാതിരഞ്ഞെടുപ്പില്‍ ജയസാധ്യതയാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നല്‍കുന്ന മുഖ്യപരിഗണനയെന്ന് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പരിഗണന നല്‍കും. സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച് ഇപ്പോള്‍ പ്രാഥമിക ചര്‍ച്ചയാണ് നടന്നത്. ജാഥയക്ക് ശേഷം വീണ്ടും ചര്‍ച്ച നടത്തുമെന്നും രമേശ് ചെന്നിത്തല ചോദ്യത്തിന് മറുപടിയായി പറഞ്ഞു.സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് രൂപമായിവരുന്നതേയുള്ളുവെന്നും ചോദ്യത്തിന് മറുപടിയായി രമേശ് ചെന്നിത്തല പറഞ്ഞു.

ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന് പാര്‍ടിയാണ് തീരുമാനിക്കുന്നത്. അതിനു മുമ്പ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ആരും പ്രചരണം നടത്തുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ചലച്ചിത്ര താരം ധര്‍മ്മജന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന പ്രചരണം സംബന്ധിച്ച ചോദ്യത്തിന് ഒരോ നിയോജക മണ്ഡലത്തിലും അനുയോജ്യരായ ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെയാണ് നോക്കുന്നത്. സിനിമാ താരങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ അത് പരിഗണിക്കുമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.ധര്‍മ്മജന്‍ ബോള്‍ഗാട്ടി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് അത് ഇലക്ഷന്‍ കമ്മിറ്റി പരിശോധിക്കുമെന്നായിരുന്നു മറുപടി.

കളമശേരിയില്‍ വി കെ ഇബ്രാഹിംകുഞ്ഞ് സ്ഥാനാര്‍ഥിയാകുമോയെന്ന ചോദ്യത്തിന് മുന്നണിയാണ് ഏതെല്ലാം കക്ഷികള്‍ക്ക് ഏതൊക്കെ സീറ്റ് നല്‍കണമെന്ന് തീരുമാനിക്കുന്നത്. അത് സംബന്ധിച്ച് മുന്നണിയില്‍ ചര്‍ച്ച നടക്കുകയാണെന്നും അന്തിമ തീരുമാനമായി വരുന്നതേയുള്ളുവെന്നായിരുന്നു മറുപടി.അന്തിമ തീരുമാനമാകുമ്പോള്‍ എല്ലാ വ്യക്തമാകും. അതിനു മുമ്പ് കോണ്‍ഗ്രസ് പാര്‍ടിയോ പാര്‍ടിയ്ക്ക് വെളിയിലുള്ളവരോ അനുഭാവികളോ പരസ്യമായി ഡിമാന്റുകള്‍ ഉന്നയിക്കരുതെന്നും അവര്‍ക്ക് പറയാനുള്ളത് പാര്‍ടി വേദികളില്‍ പറയണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

എന്‍സിപി എല്‍ഡിഎഫ് വിട്ടുകഴിഞ്ഞാല്‍ അവരുമായി ചര്‍ച്ച നടത്തും. ഇപ്പോള്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ല.ഉപതിരഞ്ഞെടുപ്പില്‍ എന്‍സിപി വിജയിച്ച പാലാ സീറ്റ് അവര്‍ക്ക് എല്‍ഡിഎഫ് നല്‍കാതിരിക്കുന്നത് അനീതിയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.മേജര്‍ രവി കോണ്‍ഗ്രസില്‍ ചേരുന്നതായുള്ള വാര്‍ത്തകള്‍ ഉണ്ടല്ലോയെന്ന ചോദ്യത്തിന് ജാഥ തൃപ്പൂണിത്തുറയില്‍ എത്തുമ്പോള്‍ അദ്ദേഹം വരുമെന്നാണ് തന്നോട് പറഞ്ഞിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇന്നലെ കെപിസിസി പ്രസിഡന്റുമായും താനുമായും അദ്ദേഹം സംസാരിച്ചുവെന്നും തൃപ്പൂണിത്തുറയിലെ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പറഞ്ഞതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Tags:    

Similar News