നിയമസഭാ തിരഞ്ഞെടുപ്പ്: ഓണ്‍ലൈനായും പത്രിക സമര്‍പ്പിക്കാം; 80 കഴിഞ്ഞവര്‍ക്കും കൊവിഡ് രോഗികള്‍ക്കും തപാല്‍ വോട്ട്

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തുമ്പോള്‍ സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. പ്രചാരണ വാഹനജാഥകള്‍ക്ക് പരമാവധി അഞ്ചുവാഹനങ്ങളാവും അനുവദിക്കുക.

Update: 2021-02-02 01:11 GMT

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയമസഭാ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പണം, സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം, വോട്ടെടുപ്പ് തുടങ്ങിയവയിലെല്ലാം പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കും. നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച് രാഷ്ട്രീയകക്ഷി നേതാക്കളുമായും നടത്തിയ ചര്‍ച്ചയിലാണ് പുതിയ നിര്‍ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓണ്‍ലൈനായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വ്യക്തമാക്കി.

ഓണ്‍ലൈനായി പത്രിക നല്‍കുന്നവര്‍ അത് ഡൗണ്‍ലോഡ് ചെയ്ത് പകര്‍പ്പ് വരണാധികാരിക്ക് നല്‍കണം. തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥി കെട്ടിവയ്‌ക്കേണ്ട തുകയും ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യം ഇത്തവണയുണ്ടാവും. കൊവിഡ് പശ്ചാത്തലത്തില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ചും രാഷ്ട്രീയകക്ഷി നേതാക്കളോട് അദ്ദേഹം വിശദീകരിച്ചു. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തുമ്പോള്‍ സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. പ്രചാരണ വാഹനജാഥകള്‍ക്ക് പരമാവധി അഞ്ചുവാഹനങ്ങളാവും അനുവദിക്കുക.

ഒരെണ്ണം പൂര്‍ത്തിയായി അരമണിക്കൂറിന് ശേഷമേ അടുത്ത ജാഥ അനുവദിക്കൂ. ഇത്തവണ 80 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് രോഗികള്‍ എന്നിവര്‍ക്ക് തപാല്‍ വോട്ടിന് സൗകര്യമൊരുക്കും. ഇത്തരക്കാര്‍ക്ക് തപാല്‍ വോട്ട് നേരിട്ട് എത്തിക്കാന്‍ ജില്ലാതലത്തില്‍ പ്രത്യേക ടീം രൂപീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. തപാല്‍ വോട്ടിന് ആഗ്രഹിക്കുന്നവര്‍ 12ഡി ഫോറത്തില്‍ അതത് വരണാധികാരിക്ക് അപേക്ഷ നല്‍കണം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തിയ്യതി മുതല്‍ വിജ്ഞാപനം വന്ന് അഞ്ചുദിവസം വരെ ഇത്തരത്തില്‍ തപാല്‍ വോട്ടിന് അപേക്ഷിക്കാം. തപാല്‍ വോട്ട് അനുവദിക്കുന്നവരുടെ പ്രത്യേക പട്ടിക ബൂത്തടിസ്ഥാനത്തില്‍ വരണാധികാരി തയ്യാറാക്കും.

ഉദ്യോഗസ്ഥരുടെ പ്രത്യേക ടീം വീടുകളില്‍ ഇവ നല്‍കും. ടീമില്‍ രണ്ടുപോളിങ് ഓഫിസര്‍മാര്‍, ഒരു പോലിസ് സെക്യൂരിറ്റി, ഒരു വീഡിയോഗ്രാഫര്‍ എന്നിവരുണ്ടാവും. ഇവര്‍ ബാലറ്റ് നല്‍കാന്‍ പോവുന്ന സമയക്രമം സ്ഥാനാര്‍ഥികളെ മുന്‍കൂട്ടി അറിയിക്കും. ഇതുപ്രകാരം സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ക്കും സ്ഥലത്ത് എത്താനാവും. വോട്ടെടുപ്പും അനുബന്ധപ്രവര്‍ത്തനങ്ങളും സമാധാനപരമായി നടത്താനുള്ള എല്ലാ പിന്തുണയും രാഷ്ട്രീയകക്ഷികളോട് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ അഭ്യര്‍ഥിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ചുള്ള കൊട്ടിക്കലാശം ഒഴിവാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും യോഗത്തിലുണ്ടായി. ഇതുസംബന്ധിച്ച് ഒരാഴ്ചയ്ക്കകം രേഖാമൂലം അഭിപ്രായം അറിയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശിച്ചു.

പോളിങ് സമയം നീട്ടണമെന്ന് രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഏഴുമണി വരെ പോളിങ് സമയം അനുവദിക്കണമെന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനോട് ടിക്കാറാം മീണയും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര കമ്മീഷനായിരിക്കും അന്തിമതീരുമാനമെടുക്കുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കള്ളവോട്ട് തടയാന്‍ എല്ലാ സ്ഥലങ്ങളിലും പോളിങ് ഏജന്റുമാരുണ്ടെന്ന് രാഷ്ട്രീയകക്ഷികള്‍ ഉറപ്പാക്കണമെന്ന് മീണ പറഞ്ഞു. വോട്ടിങ്ങിന് സാമൂഹിക അകലം പാലിക്കാന്‍ ആറടി അകലത്തില്‍ ജനങ്ങളെ ക്രമീകരിച്ചുള്ള ക്യൂ ഒരുക്കണം.

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനൊപ്പം കുറ്റകൃത്യങ്ങളുടെയും കേസുകളുടെയും വിവരങ്ങളും സ്ഥാനാര്‍ഥികള്‍ സമര്‍പ്പിക്കണം. ഇക്കാര്യങ്ങള്‍ മൂന്നുതവണ സ്ഥാനാര്‍ഥികള്‍ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും വേണം. ഇത്തവണമുതല്‍ കുറ്റകൃത്യങ്ങളിലോ കേസുകളിലോ ഉള്‍പ്പെട്ട സ്ഥാനാര്‍ഥികളെയാണ് മല്‍സരിപ്പിക്കുന്നതെങ്കില്‍ എന്തുകൊണ്ടു മറ്റ് സ്ഥാനാര്‍ഥിയെ കണ്ടുപിടിക്കാനായില്ല എന്ന വിശദീകരണം കൂടി രാഷ്ട്രീയകക്ഷികള്‍ നല്‍കേണ്ടിവരും. പത്രിക സമര്‍പ്പിക്കുന്നതിന് ഒപ്പംതന്നെ ഇതും സമര്‍പ്പിക്കേണ്ടിവരും.

കൊവിഡ് സാഹചര്യത്തില്‍ ഒരു ബൂത്തില്‍ പരമാവധി 1,000 വോട്ടര്‍മാരാണുണ്ടാവുക. ആയിരത്തിലധികം വോട്ടര്‍മാര്‍ വരുന്ന ബൂത്തുകളില്‍ ഓക്‌സിലറി പോളിങ് സ്റ്റേഷനുകള്‍ പ്രത്യേകമായി ഏര്‍പ്പെടുത്തും. ഇത്തരത്തില്‍ 15,730 അധിക ബൂത്തുകള്‍ വേണ്ടിവരുമെന്ന് അദ്ദേഹം അറിയിച്ചു. ജില്ലാ തലത്തില്‍ ഓക്‌സിലറി ബൂത്തുകള്‍ വേണ്ടിവരുന്ന സ്ഥലങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ രാഷ്ട്രീയകക്ഷികളുമായി ചര്‍ച്ച ചെയ്ത് നിലവിലുള്ള ബൂത്തുകളുടെ അടുത്തുതന്നെ ഓക്‌സിലറി ബൂത്തുകളും ഉറപ്പാക്കുമെന്നും തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News