ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍നിന്ന് മാറേണ്ട സാഹചര്യമില്ല; മലക്കം മറിഞ്ഞ് മുല്ലപ്പള്ളി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസ്ഥാനത്ത് എവിടെ നിന്നാലും ജയിക്കുമെന്ന പ്രസ്താവനയില്‍നിന്ന് മലക്കം മറിഞ്ഞ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉമ്മന്‍ചാണ്ടി പുതുപ്പള്ളി മാറേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് മുല്ലപ്പള്ളി കാസര്‍കോട് മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മന്‍ചാണ്ടി നേമത്ത് മല്‍സരിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. നേമത്ത് മല്‍സരിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി പ്രാപ്തനാണെന്നും ഇക്കാര്യം നേരത്തെ പാര്‍ട്ടിക്ക് പുറത്ത് ചര്‍ച്ചയായിട്ടുണ്ടെന്നുമാണ് മുല്ലപ്പള്ളി കഴിഞ്ഞദിവസം പറഞ്ഞത്.
ഉമ്മന്‍ചാണ്ടി നേമത്ത് മല്‍സരിക്കുമെന്നത് ഉറവിടമില്ലാത്ത വാര്‍ത്തയാണ്. ആരാണ് ഈ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. എവിടെ നിന്നാണ് നിങ്ങള്‍ക്ക് (മാധ്യമങ്ങള്‍ക്ക്) അത്തരമൊരു വിവരം കിട്ടിയത്. ഉറവിടമില്ലാത്ത ഒരു വാര്‍ത്തയെക്കുറിച്ച് എന്തുചര്‍ച്ച ചെയ്യാനാണ്. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍നിന്നും മാറേണ്ട സാഹചര്യമെന്താണ്. തുടര്‍ച്ചയായി 50 വര്‍ഷമായി പുതുപ്പള്ളിയില്‍നിന്നും നിയമസഭയിലേക്ക് ജയിച്ചുവരുന്ന ആളാണ് ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ റെക്കോര്‍ഡാണത്.
ഉമ്മന്‍ചാണ്ടിയുടെ പോപ്പുലാരിറ്റിയെക്കുറിച്ച് നന്നായി അറിയാവുന്ന ആളെന്ന തരത്തില്‍ അങ്ങനെയൊരു പ്രസ്താവന എവിടെ നിന്നാണ് വന്നതെന്ന് എനിക്കറിയില്ല. ഏതെങ്കിലും ഒരു സീറ്റിനെക്കുറിച്ചോ സീറ്റ് വിഭജനക്കുറിച്ചോ ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്താറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഉമ്മന്‍ചാണ്ടി മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹം എവിടെ മല്‍സരിക്കുന്നുവെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടലുണ്ടാവില്ലെന്നും കേരളത്തിന്റെ ചുമതല വഹിക്കുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പ്രതികരിച്ചു. ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കണോ എന്നതില്‍ എഐസിസിയില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.