85ാം വയസിലും ഖുര്‍ആന്‍ പകര്‍ത്തിയെഴുതുന്നതിന്റെ തിരക്കിലാണ് അബ്ദുള്‍ അസീസ്

ഇതുവരെ ഏഴുതവണ അബ്ദുള്‍ അസീസ് ഖുര്‍ആന്‍ പകര്‍ത്തിയെഴുതിക്കഴിഞ്ഞു.അബ്ദുള്‍ അസീസ് തന്റെ വീട്ടില്‍ പാരായണം ചെയ്യുന്ന ഖുര്‍ആന്‍ ഏതെങ്കിലും പ്രസാധകര്‍ അച്ചടിച്ചതല്ല മറിച്ച് അബ്ദുള്‍ അസീസ് പകര്‍ത്തിയെഴുതിയതാണ്.അച്ചടിയെ വെല്ലുന്ന വിധത്തിലാണ് 30 ഭാഗങ്ങളിലായി 114 അധ്യായങ്ങളുള്ള ഖുര്‍ആന്‍ സ്വന്തം കൈപ്പടയില്‍ അസീസ് അറബിയില്‍ പകര്‍ത്തിയെഴുതിയിരിക്കുന്നത്.

Update: 2021-04-23 10:03 GMT

കൊച്ചി: എട്ടാം തവണ ഖുര്‍ആന്‍ പകര്‍ത്തിയെഴുതുന്നതിന്റെ തിരക്കിലാണ് 85ാം വയസിലും ആലുവ തായിക്കാട്ടുകര പൈപ്പ് ലൈന്‍ റോഡില്‍ ചെവിട്ടിത്തറ സി പി അബ്ദുള്‍ അസീസ്. ഇതുവരെ ഏഴുതവണ അബ്ദുള്‍ അസീസ് ഖുര്‍ആന്‍ പകര്‍ത്തിയെഴുതിക്കഴിഞ്ഞു.അബ്ദുള്‍ അസീസ് തന്റെ വീട്ടില്‍ പാരായണം ചെയ്യുന്ന ഖുര്‍ ആന്‍ ഏതെങ്കിലും പ്രസാധകര്‍ അച്ചടിച്ചതല്ല മറിച്ച് അബ്ദുള്‍ അസീസ് പകര്‍ത്തിയെഴുതിയതാണ്.അച്ചടിയെ വെല്ലുന്ന വിധത്തിലാണ് 30 ഭാഗങ്ങളിലായി 114 അധ്യായങ്ങളുള്ള ഖുര്‍ആന്‍ സ്വന്തം കൈപ്പടയില്‍ അസീസ് അറബിയില്‍ പകര്‍ത്തിയെഴുതിയിരിക്കുന്നത്.2004 അവസാനമാണ് ഖുര്‍ ആന്‍ പകര്‍ത്തിയെഴുതാന്‍ അബ്ദുള്‍ അസീസ് ആരംഭിച്ചത്.ഇതിനായി പ്രത്യേക കടലാസും പേനയും അബ്ദുള്‍ അസീസ് സംഘടിപ്പിച്ചിരുന്നു.


2005-2006 ഓടെ ആദ്യ പകര്‍പ്പ് എഴുതി തീര്‍ത്തു.പ്രത്യേക വരികളിലോ മികച്ച കൈയ്യക്ഷരത്തിലോ ഒന്നുമല്ലായിരുന്നു ആദ്യപകര്‍പ്പ് എഴുതിയത്.34 പേജാണ് ആദ്യ പകര്‍പ്പിനായി വേണ്ടിവന്നത്. അച്ചടിച്ചു വരുന്ന ഖുര്‍ ആന്‍ 604 പേജാണ് ഉണ്ടാകാറുള്ളത്.ഒരോ പേജിലും 15 വരികളും.ഇതേ തുടര്‍ന്ന് രണ്ടാമത്തെ പകര്‍പ്പും തുടര്‍ന്നുള്ളതും ഇതേ മാതൃകയിലാണ് അബ്ദുള്‍ അസീസ് എഴുതി പൂര്‍ത്തിയാക്കിയത്.ഒരോ പകര്‍പ്പും ഒന്നു മുതല്‍ ഒന്നര വര്‍ഷം സമയമെടുത്താണ് എഴുതി പൂര്‍ത്തിയാക്കിയത്.45 സെന്റീ മീറ്റര്‍ നീളവും 30 സെന്റീമീറ്റര്‍ വീതിയുമുള്ള പകര്‍പ്പാണ് ഏറ്റവും വലുത്. ഏറ്റവും ചെറുതിന് ഒമ്പത് ഇഞ്ച് നീളവും നാലര ഇഞ്ച് വീതിയുമാണുള്ളത്.പോക്കറ്റില്‍ കൊണ്ടു നടക്കാന്‍ സാധിക്കുന്ന തരത്തിലുള്ളതാണിത്.

എല്ലാ പകര്‍പ്പിലും 604 പേജാണുള്ളത് വലുതില്‍ അക്ഷരം വലുതാക്കിയും ചെറുതില്‍ അക്ഷരം ചെറുതാക്കിയുമാണ് എഴുതിയത്.ഒരോ പേജിലും 15 വരികളാണുള്ളത്.ഒരോ പകര്‍പ്പിന്റെയും കവര്‍ ഡിസൈന്‍ ചെയ്യുന്നത് അബ്ദുള്‍ അസീസിന്റെ ആശയപ്രകാരമാണ്.ഇപ്പോള്‍ എട്ടാമത്തെ പകര്‍പ്പ് എഴുതിക്കൊണ്ടിരിക്കുകയാണ് അബ്ദുള്‍ അസീസ്. ഇതിന്റെ 35 പേജുകള്‍ ഇതുവരെ എഴുതിക്കഴിഞ്ഞതായി അബ്ദുള്‍ അസീസ് പറഞ്ഞു.പുലര്‍ച്ചെ നാലു മുതലാണ് എഴുത്ത് ആരംഭിക്കുന്നത്.സുബഹി നമസ്‌കാരം വരെയാണ് ദിവസവും എഴുത്ത്.ആദ്യം പകര്‍ത്തിയെഴുതിയതില്‍ മൂന്നെണ്ണം മൂന്നു പെണ്‍മക്കള്‍ക്ക് സമ്മാനമായി നല്‍കി.

ഫാക്ട് ഡിസ്ട്രിബ്യൂഷന്‍ മാനേജരായിരുന്ന അബ്ദുള്‍ അസീസ് 1994 ല്‍ ജോലിയില്‍ നിന്നും വിരമിച്ചു.പിന്നീട് 14 വര്‍ഷം പുക്കാട്ടുപടിയില്‍ സ്വകാര്യ ആശുപത്രിയുടെ എംഡിയായി പ്രവര്‍ത്തിച്ചു. സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ മുതല്‍ 2008 വരെയാണ് മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചത്.തായിക്കാട്ടുകര നാളികേര ഉല്‍പ്പാദക സംഘത്തിന്റെ പ്രസിഡന്റായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന അബ്ദുള്‍ അസീസ് സര്‍വീസ് കോ-ഓപ്പറേറ്റിവ് ബാങ്കിന്റെ ചീഫ് പ്രമോട്ടറും ആദ്യ പ്രസിഡന്റുമായിരുന്നു.തായിക്കാട്ടുകര ക്ഷീരോല്‍പാദക പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags:    

Similar News