കൊവിഡ് : എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം 70%കുടുംബത്തിനുള്ളില്‍;അതീവ ജാഗ്രത അനിവാര്യം
വീടിനുള്ളിലും മാസ്‌ക് ധരിക്കുന്നത് ശീലമാക്കണം. പുറത്ത് പോയി വരുന്നവര്‍ വീട്ടിലുണ്ടെങ്കില്‍ വീട്ടിലെ മറ്റുള്ളവര്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യത ഏറെയാണ്. ഇതിനെ പ്രതിരോധിക്കാന്‍ വീട്ടില്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നതാണ് ഉചിതം
കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയില്‍ രോഗ വ്യാപനത്തിന്റെ 70% വും കുടുംബത്തിനുള്ളിലാണ് സംഭവിക്കുന്നതെന്നും അതീവ ജാഗ്രത അനിവാര്യമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം വിലയിരുത്തി. വീടിനുള്ളിലും മാസ്‌ക് ധരിക്കുന്നത് ശീലമാക്കണം. പുറത്ത് പോയി വരുന്നവര്‍ വീട്ടിലുണ്ടെങ്കില്‍ വീട്ടിലെ മറ്റുള്ളവര്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യത ഏറെയാണ്. ഇതിനെ പ്രതിരോധിക്കാന്‍ വീട്ടില്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നതാണ് ഉചിതമെന്ന് യോഗം വിലയിരുത്തി.
വീടുകളില്‍ വെച്ച് മരണം സംഭവിക്കുന്നവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതില്ല. പോസിറ്റീവ് ആയ രോഗികള്‍ മരിച്ചാല്‍ പോസിറ്റീവ് ഡെത്തും നെഗറ്റീവ് ആണെങ്കില്‍ നെഗറ്റീവ് ഡെത്ത് ആയും കണക്കാക്കും. കുടുംബാംഗങ്ങള്‍ക്ക് മരണശേഷമുള്ള മറ്റു നടപടികളിലേക്ക് കടക്കാം. ഇതു സംബന്ധിച്ച് എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ കൂടുതല്‍ ആന്റിജെന്‍ പരിശോധനകള്‍ നടപ്പാക്കും. കൂടുതല്‍ ആന്റി ജെന്‍ കിറ്റുകള്‍ കെഎംസിഎല്ലില്‍ നിന്ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ചെല്ലാനം പഞ്ചായത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും.
ഇവിടെ ഇരുപതോളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഡൊമിസലി കെയര്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. പഞ്ചായത്ത് തല കണ്‍ട്രോള്‍ റൂമില്‍ പോലീസ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ വെള്ളത്തില്‍ മുങ്ങിയ ആരോഗ്യ സ്ഥാപനങ്ങളുടെ ലിസ്റ്റ് തയാറാക്കും. ഇവിടങ്ങളിലെ ഉപകരണങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കും. വെള്ളപ്പൊക്കത്തുണ്ടായാല്‍ ഇത്തരം കേന്ദ്രങ്ങള്‍ക്ക് ഒപി തുടങ്ങുന്നതിനുള്ള ബദല്‍ സൗകര്യങ്ങളുമൊരുക്കും.
ഗുരുതര രോഗങ്ങളുള്ളവരുടെ പട്ടിക വാര്‍ഡ് തലത്തില്‍ തയാറാക്കും. ഇവര്‍ക്ക് ആവശ്യമായ വൈദ്യ സഹായവും മരുന്നുകളുമെത്തിക്കും. ദുരിതാശ്വാസ ക്യാംപുകളില്‍ സാമൂഹിക അകലം കൃത്യമായി പാലിക്കണം. മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവയുടെ കരുതല്‍ ശേഖരം ഉറപ്പാക്കും. ക്യാംപുകളില്‍ നിരീക്ഷണത്തിനും കോവിഡ് പരിശോധനയ്ക്കുമായി കൂടുതല്‍ വൊളന്റിയര്‍മാരെ നിയോഗിക്കും. എഫ് എല്‍ടിസികളില്‍ മുഴുവന്‍ സമയവും വൈദ്യുതി വിതരണവും ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.