കൊവിഡ് പരിശോധന: തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഓട്ടോമേറ്റഡ് ന്യൂക്ലിക് ആസിഡ് എക്സ്ട്രാക്ഷന്‍ സിസ്റ്റം

ജര്‍മനിയില്‍നിന്നാണ് പരിശോധനാ യന്ത്രം വാങ്ങിയത്. കൊവിഡിന് പുറമെ വൈറസ് സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും ഈ യന്ത്രത്തിലൂടെ രോഗനിര്‍ണയം നടത്താം.

Update: 2020-05-31 07:05 GMT

തൃശൂര്‍: ഗവ. മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ കൊവിഡ് പരിശോധനയ്ക്കായുള്ള ഓട്ടോമേറ്റഡ് ന്യൂക്ലിക് ആസിഡ് എക്‌സ്ട്രാക്ഷന്‍ സിസ്റ്റം ടി എന്‍ പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്തു. രമ്യ ഹരിദാസ് എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ പരിശോധനാ സംവിധാനം ഒരുക്കിയത്. ജര്‍മനിയില്‍നിന്നാണ് പരിശോധനാ യന്ത്രം വാങ്ങിയത്. കൊവിഡിന് പുറമെ വൈറസ് സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും ഈ യന്ത്രത്തിലൂടെ രോഗനിര്‍ണയം നടത്താം.

കൊവിഡ് പരിശോധനാ ഫലത്തിനായി ആറുമണിക്കൂര്‍ വേണ്ടിവരുന്നിടത്ത് ഇനി മുതല്‍ മൂന്ന് മണിക്കൂര്‍ മതിയാവും. കുറഞ്ഞ സമയംകൊണ്ട് കൂടുതല്‍ പേര്‍ക്ക് രോഗപരിശോധന നടത്താമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. 24 സാംപിളുകള്‍ ഒരേ സമയം പരിശോധിക്കാന്‍ ഈ യന്ത്രത്തിലൂടെ കഴിയും. ഇതോടൊപ്പം പിഎം ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ ഐസിയുകളിലേക്ക് നല്‍കിയ പ്രത്യേകതരം കട്ടിലുകളായ 10 ഐസിയു കോട്ടുകളുടെ സമര്‍പ്പണവും ടി എന്‍ പ്രതാപന്‍ എംപി നിര്‍വഹിച്ചു.

കൊവിഡ് രോഗികള്‍ക്ക് മാത്രമായി 9, 10, 11 വാര്‍ഡുകളിലുള്ള ഐസൊലേഷന്‍ ഐസിയുവിലേക്ക് ടിഎന്‍ പ്രതാപന്‍ മുന്‍കൈയെടുത്താണ് ഒരു ലക്ഷം വീതം വിലവരുന്ന ഐസിയു കോട്ടുകള്‍ നല്‍കിയത്. ടി എന്‍ പ്രതാപന്റെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് 25 ലക്ഷം ചെലവ് ചെയ്തുനിര്‍മിച്ചതാണ് ഐസോലേഷന്‍ ഐസിയു. ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അധ്യക്ഷത വഹിച്ചു. രമ്യ ഹരിദാസ് എംപി, അനില്‍ അക്കര എംഎല്‍എ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം എ ആന്‍ഡ്രൂസ് എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News