പാലക്കാട്: ജനവാസമേഖലയില്‍ നിരന്തരം ശല്യം വിതയ്ക്കുന്ന പിടി സെവന്‍ എന്ന കൊമ്പനെ തുരത്താനുള്ള വനംവകുപ്പിന്റെ പ്രത്യേക ദൗത്യം ആരംഭിച്ചു. 72 അംഗ സംഘമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. പുലര്‍ച്ചെ മുതല്‍ നടത്തിവരുന്ന നിരീക്ഷണങ്ങള്‍ക്കൊടുവില്‍ ആര്‍ആര്‍ടിയില്‍ നിന്ന് അനുമതി സന്ദേശം ലഭിച്ചതോടെ സംഘം ദൗത്യം ആരംഭിച്ചു. പുലര്‍ച്ചെ അഞ്ച് മണിയോടെ ദൗത്യസംഘം ദൗത്യത്തിനായി സജ്ജരായെങ്കിലും ആറേകാലോടെയാണ് ഇവര്‍ വനത്തിലേക്ക് പ്രവേശിച്ചത്.
ധോണി കോര്‍മയ്ക്ക് അടുത്ത് അരിമണി ഭാഗത്ത് ആനയെ കണ്ടെത്തിയതോടെയാണ് ദൗത്യം ആരംഭിച്ചത്. രണ്ട് സംഘമായി തിരിഞ്ഞാണ് ദൗത്യസംഘം ദൗത്യത്തിന് ഇറങ്ങിയിരിക്കുന്നത്. ആദ്യസംഘം ആനയെ ട്രാക്ക് ചെയ്യുകയും ആന ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലം മയക്കുവെടിവയ്ക്കാന്‍ പറ്റിയതാണോ എന്നും പരിശോധിക്കും. ഉള്‍ക്കാടിലോ ജനവാസമേഖലയിലോ വച്ച് ആനയെ വെടിവയ്ക്കില്ല.
വനാതിര്‍ത്തിയില്‍ ആന പ്രവേശിച്ചാല്‍ ഉടന്‍ വെടിവയ്ക്കാനാണ് സംഘത്തിന്റെ നീക്കം. മയക്കുവെടി വയ്ക്കാന്‍ ഡോ.അരുണ്‍ സക്കറിയയും ഫോറസ്റ്റ് സ്‌റ്റേഷനില്‍ സജ്ജനായി കഴിഞ്ഞു. പാലക്കാട് ഡിഎഫ്ഒ, ഏകോപന ചുമതലയുള്ള എസിഎഫ്, വെറ്ററിനറി സര്‍ജന്‍ എന്നിവരുള്‍പ്പെടുന്ന വിവിധ ടീമുകള്‍ സംഘത്തിലുണ്ട്. 25 അംഗ വയനാട് ടീമും മൂന്ന് കുങ്കി ആനകളും ആനയെ പിടികൂടുന്നതിനുള്ള ദൗത്യത്തില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്. പിടികൂടുന്ന കൊമ്പനെ പാര്‍പ്പിക്കാനുള്ള കൂടും തയ്യാറാക്കിയിട്ടുണ്ട്. കൊമ്പന്‍ എത്ര ഇടിച്ചാലും തകര്‍ക്കാന്‍ കഴിയാത്ത യൂക്കാലിത്തടി ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചത്.