കൊവിഡ്: സംസ്ഥാനത്തെ ജയിലുകളിൽ നിന്നും 1400 തടവുകാർ പുറത്തിറങ്ങി
പരോൾ ഇനിയും ഉദാരമാക്കുമെന്ന് ജയിൽ വകുപ്പ് അറിയിച്ചു. ഇതിനായി മൂന്ന് ശുപാർശകൾ മുന്നോട്ട് വെച്ചിട്ടുണ്ട്.
തിരുവനന്തപുരം: കൊവിഡ് 19 വൈറസ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവിധ ജയിലുകളില്‍ നിന്നും 1400 തടവുകാര്‍ ജാമ്യത്തിലും പരോളിലും പുറത്തിറങ്ങി. 550 വിചാരണ തടവുകാരെയും 850 ശിക്ഷാ തടവുകാരെയുമാണ് വിട്ടയച്ചത്. ജയിലിലെ തിരക്ക് കുറയ്ക്കാനായാണ് പുതിയ നിര്‍ദ്ദേശം.
അതേസമയം, കൊവിഡ് 19 ഭീഷണി നേരിടാന്‍ ക്രമീകരണങ്ങളും ജയില്‍ വകുപ്പ് ഒരുക്കിയിട്ടുണ്ട്. രോഗമുണ്ടെന്ന് കണ്ടെത്തിയാല്‍ തടവുപുള്ളികളെ പാര്‍പ്പിക്കാനുള്ള പ്രത്യേക ക്രമീകരണങ്ങളാണ് ജയില്‍ വകുപ്പ് ഒരുക്കുന്നത്. വൈറസ് ബാധിതരെ പ്രവേശിപ്പിക്കാന്‍ പ്രത്യേകം മുറികള്‍ തയ്യാറാക്കിയിട്ടുണ്ട്. മധ്യകേരളത്തില്‍ ആലുവ സബ് ജയിലില്‍ രോഗികളെ മാത്രം പ്രവേശിപ്പിക്കും. ഉത്തരമേഖലയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ എട്ടാം ബ്ലോക്കും ഐസൊലേഷന്‍ ബ്ലോക്കും രോഗികള്‍ക്ക് മാത്രമാക്കും. തെക്കന്‍ മേഖലയില്‍ നിന്ന് ഉള്ളവര്‍ക്കായി തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലെ പ്രത്യേക ബ്ലോക്കാണ് സജ്ജമാക്കിയിട്ടുള്ളത്. ഇവിടെ നിന്നെല്ലാം തടവുകാരെ മാറ്റി. മുറികള്‍ അണുവിമുക്തമാക്കി അസുഖ ബാധിതരെ പാര്‍പ്പിക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. മൂന്ന് ജയില്‍ ഡിഐജിമാരുടെ നേതൃത്വത്തില്‍ പതിനഞ്ച് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ടാക്‌സ് ഫോഴ്‌സുകളും രൂപീകരിച്ചിട്ടുണ്ട്.
വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ പരോള്‍ കൂടുതല്‍ ഉദാരമാക്കണമെന്ന് ജയില്‍ മേധാവി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലോക്ക് ഡൗണ്‍ നീട്ടുകയാണെങ്കില്‍ പുറത്തിറങ്ങിയവര്‍ക്ക് തിരിച്ചെത്താനുള്ള സമയം വീണ്ടും നീട്ടി നല്‍കും. പരോള്‍ ഇനിയും ഉദാരമാക്കുമെന്ന് ജയില്‍ വകുപ്പ് അറിയിച്ചു. ഇതിനായി മൂന്ന് ശുപാര്‍ശകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. 50 വയസ് കഴിഞ്ഞ സ്ത്രീ തടവുകാര്‍ക്കും 60 വയസു കഴിഞ്ഞ പുരുഷ തടവുകാര്‍ക്കും പരോള്‍ നല്‍കണമെന്നും അടിയന്തര പരോളില്‍ പുറത്തിറങ്ങി പ്രശ്നങ്ങളുണ്ടാക്കാത്തവര്‍ക്കും പരോള്‍ നല്‍കണമെന്നും മൂന്നില്‍ രണ്ട് കാലം ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയവരെയും വിട്ടയക്കണമെന്നും ജയില്‍ വകുപ്പ് ശുപാര്‍ശ ചെയ്യുന്നു.
പ്രായംകൂടിയ തടവുകാർക്ക് പരോൾ അനുവദിക്കാനുള്ള ശുപാർശ ജയിൽ മേധാവിയാണ് ആഭ്യന്തര സെക്രട്ടറിക്ക് മുന്നിൽ സമർപ്പിച്ചത്. കുറ്റകൃത്യത്തിന്റെ സ്വഭാവം പരോൾ നൽകുന്നതിൽ പരിഗണിക്കില്ലെന്നും ശുപാർശയിൽ പറയുന്നു. അപേക്ഷ അനുവദിക്കുകയാണെങ്കിൽ 108 പേർക്ക് 45 ദിവസം പരോൾ ലഭിക്കും. ജയിലിലെ തിരക്ക് കുറയ്ക്കാനായാണ് ഈ നീക്കം. കേരളത്തിന് പുറമെ തീഹാര്‍ ജയിലില്‍ ഉള്‍പ്പടെ ഇതേരീതിയില്‍ വിചാരണ തടവുകാരെ ഉള്‍പ്പടെ വിട്ടയച്ചിരുന്നു.
അതിനിടെ, പാലക്കാട് ജില്ലയില്‍ കൊവിഡ് - 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 21 തടവുകാര്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. ഹൈക്കോടതി ഉത്തരവുപ്രകാരമാണ് നടപടി. ഏഴുവര്‍ഷം വരെ ശിക്ഷയുള്ള കേസുകളില്‍പെട്ട് ആദ്യമായി ജയിലില്‍ കഴിയുന്ന റിമാന്റ്, വിചാരണ തടവുകാര്‍ക്കാണ് ഹൈക്കോടതി ഫുള്‍ബെഞ്ച് ഉത്തരവുപ്രകാരം ഇടക്കാല ജാമ്യം അനുവദിച്ചത്. ഏഴ് വര്‍ഷത്തില്‍ താഴെ കുറ്റം ചെയ്തിട്ടുള്ളവരാണെങ്കിലും, സ്ഥിരം കുറ്റവാളികള്‍, മുമ്പ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍, നിലവിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് സമാനമായ രീതിയില്‍ മറ്റു കേസുകളുള്ളവര്‍ എന്നിവര്‍ക്ക് ഇടക്കാല ജാമ്യം ലഭിക്കില്ല. മലമ്പുഴ ജില്ലാ ജയിലില്‍ നിന്ന് അഞ്ച് പേര്‍ക്കും ചിറ്റൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം സബ് ജയിലുകളില്‍ നിന്ന് യഥാക്രമം 5, 9, 2 വീതം തടവുകാര്‍ക്കുമാണ് ഇടക്കാല ജാമ്യം നല്‍കിയത്. ഹൈക്കോടതി ഉത്തരവ് പ്രകാരം ഏപ്രില്‍ 30 വരെയോ ലോക്ക് ഡൗണ്‍ തീരുന്നതുവരെയോ ആണ് ജാമ്യം. ജാമ്യത്തില്‍ ഇറങ്ങുന്ന പ്രതികള്‍ ലോക്ക് ഡൗണ്‍ പാലിച്ച് വീടുകളില്‍ തന്നെ കഴിയണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.